‘ഇനിയും കുരുന്നുകളെ കുരുതി കൊടുക്കാനാകില്ല’; പന്തലായനിയില്‍ റെയില്‍പാതയ്ക്ക് കുറുകെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു; പിന്തുണയുമായി നഗരസഭയും


കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും റെയില്‍പാത മുറിച്ചു കടന്ന് യാത്ര ചെയ്യുന്ന പന്തലായനിയില്‍ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗം സ്‌റ്റേഷന് വടക്കുഭാഗത്തായി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.

ഇവിടെ നടപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരസഭയിലെ അഞ്ച് വാര്‍ഡുകളിലായുള്ള അയ്യായിരത്തിലേറെ ആളുകള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാന്‍ ഇതുവഴി കഴിയും. പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, പ്രീപ്രൈമറി സ്‌കൂള്‍, പന്തലായനി ബി.ഇ.എം യു.പി, ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി തുട ങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ റെയില്‍വേപ്പാളം മുറിച്ചുകടന്നാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

നടപ്പാലം ഇല്ലാത്തതുകൊണ്ടു മാത്രം നിരവധി അപകട മരണങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അടുത്തിടെ പന്തലായനി ബി.ഇ.എം യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ച സംഭവമാണ് അവസാനമുണ്ടായത്. അധ്യാപികയായ അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ നിന്ന് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ദാരുണമായ അപകടം.

ജനങ്ങളുടെ യാത്രാസൗകര്യത്തിനായി നടപ്പാലം നിര്‍മിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കണമെന്നും ഇതിനായി ഫണ്ട് അനുവദിക്കണമെന്നും നഗരസഭാ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് ആവശ്യപ്പെട്ടു. നടപ്പാലം നിര്‍മിക്കാനുള്ള തുക ലഭ്യമാക്കിയാല്‍ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കുമെന്ന് അധികൃതര്‍ നേരത്ത അറിയിച്ചിരുന്നു.

നടപ്പാലം നിര്‍മിക്കാന്‍ ഒന്നരക്കോടി രൂപയോളം ചെലവ് വരും. എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് ഇതിനുള്ള തുക അനുവദിപ്പിച്ചെടുക്കുകയാണ് നഗരസഭ ചെയ്യേണ്ടതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ വടകര എം.പി കെ.മുരളീധരന്‍, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല എന്നിവരെ പങ്കെടുപ്പിച്ച് ജനകീയ കണ്‍വെന്‍ഷന്‍ ചേരുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.

നടപ്പാലം ഇല്ലാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്ന് പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണന്‍ എസ്.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍, പ്രീ പ്രൈമറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ കുട്ടികള്‍ റെയില്‍പാത മുറിച്ച് കടന്നു വേണം സ്‌കൂളിലെത്താനും തിരികെ പോകാനും. പന്തലായനി സ്‌കൂളിലെ കൂട്ടികള്‍ മാത്രമല്ല, നഗരത്തിലെ മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന റെയില്‍പാതയുടെ കിഴക്കുവശത്തുള്ള കുട്ടികളും പാളം മുറിച്ച് കടന്നാണ് പോകുന്നത്. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പുവരുത്താനായി ഇവിടെ നടപ്പാലം നിര്‍മ്മിക്കുക മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാലം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പന്തലായനി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഗീത എം.കെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുട്ടികളെ സുരക്ഷിതമായി റെയില്‍പാത കടത്തിവിടാന്‍ രാവിലെയും വൈകീട്ടും ആളെ നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സ്റ്റാഫ് ഫണ്ടില്‍ നിന്നും ഈ വർഷം പി.ടി.എ ഫണ്ടിൽ നിന്നും പണമെടുത്താണ് ഇങ്ങനെ നില്‍ക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ സമയത്ത് അഞ്ച് മാസത്തോളം ആളെ കിട്ടാത്തതിനാല്‍ മറ്റ് ജോലികള്‍ക്ക് പുറമെ കുട്ടികളെ റെയില്‍പാത കടത്തി വിടുന്നതിനും അധ്യാപകരാണ് നിന്നത്.

രാവിലെയും വൈകീട്ടും കുട്ടികള്‍ എത്തുന്ന സമയത്ത് ട്രെയിനുകളും ഇതുവഴി കടന്ന് പോകും. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത വേണ്ടതുണ്ട്. കൂടാതെ ഇവിടെ കാട് പിടിച്ച് കിടക്കുന്നതും ഒരാള്‍ക്ക് മാത്രം കടന്ന് പോകാന്‍ കഴിയുന്ന തരത്തില്‍ റെയില്‍വേ വഴി അടച്ചതും വെല്ലുവിളിയാണ്. അടിയന്തിരമായി നടപ്പാത നിര്‍മ്മിച്ചാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂവെന്നും ഗീത ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..