കാട്ടുപന്നികളില്‍ ആന്ത്രാക്‌സ്: കോഴിക്കോട് ജില്ലയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം; ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ


കോഴിക്കോട്: തൃശൂരിലെ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. മൃഗസംരക്ഷണ വകുപ്പാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നഗരഹൃദയത്തിലുള്‍പ്പെടെ കാട്ടുപന്നി ആക്രമണം ഉണ്ടായ ജില്ലയാണ് കോഴിക്കോട്.

ജില്ലയില്‍ എവിടെയെങ്കിലും കാട്ടുപന്നികളോ മറ്റ് മൃഗങ്ങളോ ചത്തു കിടക്കുന്നത് കണ്ടാല്‍ വളരെ സൂക്ഷിക്കണം എന്നാണ് മൃഗസംരക്ഷണ ഉത്തരവിലെ പ്രധാന നിര്‍ദ്ദേശം. ചത്ത ജീവികളെ കൈ കൊണ്ട് തൊടുകയോ നേരിട്ട് കൈകാര്യം ചെയ്യുകയോ ചെയ്യരുത്. ജീവികള്‍ ചത്തു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തൊട്ടടുത്തുള്ള ജന്തുരോഗ നിയന്ത്രണ ഓഫീസിലോ (എ.ഡി.സി.പി) വനം വകുപ്പിലോ വിവരം അറിയിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജന്തുരോഗ നിയന്ത്രണ ഓഫീസിലേക്കും വിവരം അറിയിക്കാം. ഫോണ്‍: 0495 22762050

മൂന്ന് ദിവസം മുമ്പാണ് അതിരപ്പിള്ളിയില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടിയന്തിരമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഈ മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു.

അതിരപ്പിള്ളി പഞ്ചായത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി. ആന്ത്രാക്‌സ് ബാധിച്ച് ചത്ത കാട്ടുപന്നികളെ മറവ് ചെയ്തവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി. ഏഴ് പന്നികളിലാണ് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. മറ്റെവിടെയും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസമായി.