ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി: ജില്ലയിലെ സർക്കാർ ഓഫീസുകൾ നാളെ പ്രവർത്തിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (02/07/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഓട്ടോറിക്ഷാ മീറ്റർ പരിശോധന മാറ്റിവെച്ചു

ജൂലൈ നാല് മുതൽ ഏഴുവരെ നടത്താനിരുന്ന ഓട്ടോറിക്ഷാ മീറ്റർ പുനഃപരിശോധന സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

മെഡിക്കൽ ഓഫീസർ അഡ്‌ഹോക്ക് നിയമനം

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനും. താത്പര്യമുള്ളവർക്ക് ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

പി.എസ്.സി ഒറ്റത്തവണ വെരിഫിക്കേഷൻ

ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (കാറ്റഗറി നം. 308/2020, 339/2020) തസ്തികകളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ജൂലൈ നാല്, അഞ്ച് തീയതികളിൽ പി.എസ്.സി ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. ഫോൺ: 0495 2371971. ഇ-മെയിൽ: [email protected]

ക്വട്ടേഷൻ

സിവിൽ സ്റ്റേഷനിലെ ജില്ലാ ശുചിത്വമിഷൻ ഓഫീസിന്റെ ഔദ്യോഗികാവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് എ.സി. കാർ/ ജീപ്പ് (ഡ്രൈവർ ഉൾപ്പെടെ) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13. ഫോൺ: 0495- 2370677

മുട്ടക്കോഴി വളർത്തലിൽ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ മുട്ടക്കോഴി വളർത്തലിൽ ജൂലൈ ഏഴിന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പരിശീലനം നൽകുന്നു. പങ്കെടുക്കുവാൻ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. പങ്കെടുക്കുന്നവർ 0491-2815454, 9188522713 എന്ന നമ്പറുകളിൽ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുക.

മത്സ്യകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നൽകുന്ന മത്സ്യകർഷക അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകർഷകൻ (50 സെന്റിനു മുകളിലുള്ള കുളം, മികച്ച ഓരുജല മത്സ്യകർഷകൻ (50 സെന്റിനു മുകളിൽ), മികച്ച നൂതന മത്സ്യകർഷകൻ (റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക്, കൂട് കൃഷികൾ), മികച്ച ചെമ്മീൻ കർഷകൻ (50 സെന്റിനു മുകളിൽ), മികച്ച തദ്ദേശസ്വയം ഭരണ സ്ഥാപനം, മികച്ച അക്വാകൾച്ചർ പ്രമോട്ടർ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, വെസ്റ്റ്ഹിൽ. പി.ഒ , കോഴിക്കോട്- 05 എന്ന വിലാസത്തിൽ എത്തിക്കണം. അവസാന തിയ്യതി ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് 0495- 2381430

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത ഒന്നരമാസം പ്രായമുള്ള ഗ്രാമശ്രീ മുട്ടകോഴിക്കുഞ്ഞുങ്ങൾ 130 രൂപ നിരക്കിൽ ജൂലൈ എട്ട് വരെ പ്രവൃത്തിദിനങ്ങളിൽ രാവിലെ 10നും വൈകിട്ട് നാലിനും ഇടയിൽ ലഭ്യമാകും. പ്രതിവർഷം 180 മുതൽ 200 ഓളം തവിട്ടു നിറമുള്ള മുട്ടകൾ നൽകുന്നവയാണ് ഈ കോഴികൾ. ഉപഭോക്താക്കൾ പാക്കിംഗിനുള്ള കാർഡ്‌ ബോർഡ് പെട്ടികൾ, കയർ എന്നിവ കരുതണം. ഓഫീസ് നമ്പർ: 9496930411, 8590543454.

പി.ജി ഡിപ്ലോമ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2022 ൽ 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാർക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനപരീക്ഷ ഓൺലൈനായാണ് നടത്തുക. കോഴ്സ് സംബന്ധിച്ച വിശദവിവരങ്ങൾ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ ജൂലൈ 15നകം സമർപ്പിക്കണം. ഫോൺ: 0484 2422275 ഇ-മെയിൽ: [email protected]

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസിൽ 2022-23 സാമ്പത്തിക വർഷത്തിൽ ഉണ്ടാകാവുന്ന ഗതാഗത കയറ്റിറക്ക് ജോലികളുടെ വാർഷിക കരാർ നിശ്ചയിക്കുന്നതിനായി ദർഘാസ് നം. 02/22-23 എന്ന മേലെഴുത്തോടുകൂടിയ ദർഘാസുകൾ ക്ഷണിച്ചു. ജൂലൈ 20 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ: 0495- 2380348.

ആന്ത്രാക്‌സ് രോഗം: ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ വനം വകുപ്പിനെയോ അറിയിക്കണം

തൃശൂർ ജില്ലയിലെ ആതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികളിൽ ആന്ത്രാക്‌സ് രോഗം റിപ്പാർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വനം പ്രദേശത്തോടു ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളോ, മറ്റ് കാട്ടുമൃഗങ്ങളോ ചത്തുകിടക്കുന്നത് കണ്ടാൽ ജനങ്ങൾ നേരിട്ട് കൈകാര്യം ചെയ്യാതെ കോഴിക്കോട്, ജന്തുരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (എ.ഡി.സി.പി), വനവകുപ്പിനെയോ അറിയിക്കുവാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ നിർദ്ദേശിച്ചു. ഫോൺ: 0495 -2762050 (ജന്തുരാഗ നിയന്ത്രണ പദ്ധതി ഓഫീസ്, കോഴിക്കോട്)

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കെൽട്രോണിന്റെ നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവ്വേ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി. കൂടുതൽ വിവരങ്ങൾക്ക്: 8136802304

അപേക്ഷ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട് സരോവരം ബയോ പാർക്കിലെ ആംഫി തിയേറ്ററിനായുള്ള വിതരണം, ഇൻസ്റ്റലേഷൻ, റണ്ണിംഗ്, ലേസർ ഷോയുടെ പരിപാലനം, ഹൊറർ ഹൗസ്, നൈറ്റ് ലൈറ്റിംഗ് അലങ്കാരങ്ങൾ, ലൈറ്റ് കയാക്കുകൾ, സോർബിംഗ്, കിഡ് പെഡൽ ബോട്ട്, സിപ്പ് ലൈൻ, സാംസ്‌കാരിക പ്രദർശനങ്ങൾ, ഇവന്റ് വേദി ശേഷം കേന്ദ്രത്തിന്റെ മൊത്തത്തിലുള്ള മാനേജ്മെന്റ് (രാത്രി വൃത്തിയാക്കലും സുരക്ഷയും ഉൾപ്പെടെ) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഏജൻസികൾ അവരുടെ ആർഇപി സീൽ ചെയ്ത കവറിൽ ജില്ലാ കലക്ടർ ആൻഡ് ചെയർമാൻ ഡി.ടി.പി.സി, മാനാഞ്ചിറ കോഴിക്കോട് – 673001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2720012. അവസാന തീയതി: ജൂലൈ 14 ഉച്ചയ്ക്ക് ശേഷം മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക്: www.dtpckozhikode.com/www.keralatourism.gov.in

ഞാറ്റുവേല ചന്ത ജൂലൈ നാലിന് ആരംഭിക്കും

കോഴിക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷൂറൻസ് വാരാചരണം എന്നിവ ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ കൃഷിഭവൻ പരിസരത്ത് നടക്കും. കർഷകർക്ക് ആവശ്യമായ തൈകളും, വിത്തുകളും, ജൈവ വളങ്ങളും, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയിൽ വില്പനയ്ക്ക് ഉണ്ടായിരിക്കുമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.

ഫയൽ തീർപ്പാക്കൽ; സർക്കാർ ഓഫീസുകൾ നാളെ പ്രവർത്തിക്കും

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ സർക്കാർ ഓഫീസുകൾ നാളെ (ജൂലൈ 3) പ്രവർത്തിക്കും. ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ മേൽനോട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ നടത്തുന്നത്. അന്നേദിവസം ഓഫീസുകളിൽ സന്ദർശകരെ അനുവദിക്കില്ല. കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്.

പുനസ്സജ്ജീകരിച്ച പഴശ്ശിരാജ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

മ്യൂസിയങ്ങളെ ഉന്നതനിലയിൽ പുനസജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും വകുപ്പും നടത്തുന്നതെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂസിയങ്ങൾ നവീകരിക്കുകയെന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രധാന പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം. ഈസ്റ്റ്ഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന മ്യൂസിയം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങൾ മുതൽ കോളനീകരണ സന്ദർഭത്തിലെ സാംസ്കാരിക വസ്തുക്കൾവരെ ഉൾക്കൊള്ളുന്ന മ്യൂസിയമാണിത്.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളം ചരിത്ര പൈതൃക മ്യൂസിയം എക്സി. ഡയറക്ടർ ആർ. ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും മുൻ എം.എൽ.എയുമായ എ. പ്രദീപ്കുമാർ, കൗൺസിലർമാരായ എൻ. ശിവപ്രസാദ്, വരുൺ ഭാസ്‌കർ, സി.എസ്. സത്യഭാമ, ടി. മുരളീധരൻ, പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ എസ്. അബു തുടങ്ങിയവർ പങ്കെടുത്തു.

കൊടുവള്ളിയിൽ സംരംഭകത്വ ശില്പശാല ആറിന്

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ-വാണിജ്യ വകുപ്പും കൊടുവള്ളി നഗരസഭയും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, സേവനങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ പുതുസംരംഭകർക്ക് അറിവ് നൽകുന്ന ശില്പശാല ജൂലൈ ആറിന് രാവിലെ 10:30ന് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻസിപ്പാലിറ്റി പരിധിയിൽ സംരംഭങ്ങൾ ആരംഭിക്കുവാനും വിപുലീകരിക്കാനും താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് 7012360028, 8086572855 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

കുന്നുമ്മൽ ബ്ലോക്ക് ആരോഗ്യമേള നാളെ

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള നാളെ (ജൂലൈ 03) വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ആരോഗ്യ സെമിനാറുകൾ, ജീവിതശൈലീരോഗ നിർണയം, നേത്രപരിശോധന, ഇ.എൻ.ടി., ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം, ദന്തരോഗവിഭാഗം, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം തുടങ്ങിയവയുടെ സേവനങ്ങൾ മേളയിൽ ലഭ്യമാകും.

മേളയുടെ പ്രചാരണാർഥം കുറ്റ്യാടിയിൽ സൈക്കിൾ റാലി നടത്തി. പ്രസിഡന്റ് കെ.പി. ചന്ദ്രി ഫ്‌ളാഗ് ഓഫ് ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു. കുറ്റ്യാടി എം.ഐ.യു.പി. സ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ റാലിയിൽ പങ്കാളികളായി.

ബാലുശ്ശേരി ബ്ലോക്ക് ആരോഗ്യമേള നാളെ

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള നാളെ (ജൂലായ് മൂന്ന്) കോക്കല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. എം.കെ.രാഘവൻ എം.പി മേള ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.എം. സച്ചിൻദേവ് എം. എൽ.എ അധ്യക്ഷനാകും. രാവിലെ ഒൻപത് മുതൽ നാല് വരെ നടക്കുന്ന മേളയിൽ രോഗ നിർണയവും ചികിൽസാ വിധികളും മരുന്നു വിതരണവുമുണ്ടാകും. 21-ഓളം സ്റ്റാളുകൾ ഒരുക്കും. 60 വയസ്സ് കഴിഞ്ഞവർക്ക് വാക്‌സിൻ (ബൂസ്റ്റർ ഡോസ്) നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് സന്ദർശിക്കും

കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക വകുപ്പു മന്ത്രി അനുരാഗ് ഠാക്കൂർ തിങ്കളാഴ്ച ( ജൂലൈ 04) കോഴിക്കോട് സന്ദർശിക്കും. രാവിലെ 8.30ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന സ്വച്ഛ്ത അഭിയാനുമായി ബന്ധപ്പെട്ട പരിപാടിയിൽ മന്ത്രി പങ്കെടുക്കും. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റർമാരുമായും ഉച്ചക്ക് 12.30ന് കൂടിക്കാഴ്ച നടത്തും. പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി ഹോട്ടൽ ട്രൈപന്റയിൽ വച്ചാണ് നടക്കുക. വൈകീട്ട് കോഴിക്കോട്ടെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) പരിശീലന കേന്ദ്രം സന്ദർശിക്കുന്ന മന്ത്രി ഉദ്യോഗസ്ഥരുമായും കായിക താരങ്ങളുമായും സംവദിക്കും.

അന്തർദേശീയ സഹകരണ ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു

അന്തർദേശീയ സഹകരണ ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ‘മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’ എന്ന ശ്രദ്ധേയമായ പ്രമേയത്തിലാണ് ഈ വർഷത്തെ സഹകരണ ദിനാചരണം നടക്കുന്നത്. ഇന്റർനാഷണൽ കോ- ഓപ്പറേറ്റീവ് അലയൻസിൻ്റെ (ഐ.സി.എ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് അന്തർദേശീയ സഹകരണ ദിനമായി ആചരിച്ച് വരുന്നത്. നൂറാമത്തെ അന്തർദേശീയ സഹകരണ ദിനം എന്ന പ്രത്യേകതയും ഈ വർഷത്തെ സഹകരണ ദിനത്തിനുണ്ട്.

സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിൻ്റെ വിജയഗാഥകൾ പരിചയപ്പെടുത്തുക, അന്തർദേശീയ ഐക്യത്തിനും വികസനത്തിനും നൽകുന്ന മാതൃകകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ദിനാഘോഷത്തിൻ്റെ ലക്ഷ്യങ്ങൾ. സ്വയം സഹായം, സ്വയം ഉത്തരവാദിത്വം, ജനാധിപത്യം, സമത്വം, തുല്യത, ഐക്യദാർഢ്യം എന്നീ സഹകരണ മൂല്യങ്ങളും, ധാർമിക മൂല്യങ്ങളായ സത്യസന്ധത, തുറന്ന സമീപനം സാമൂഹിക പ്രതിബദ്ധത, മറ്റുള്ളവർക്ക് വേണ്ടിയുള്ള കരുതൽ എന്നിവയിലൂടെ ജനകേന്ദ്രീകൃത മാതൃകകളിലൂടെ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുക എന്നതും ഈ സഹകരണ ദിനത്തിൻ്റെ മുഖ്യസന്ദേശമാണ്.

ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങിൽ 2020- 21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി തിരഞ്ഞെടുത്ത മികച്ച സഹകരണ സ്ഥാപന/ സംഘങ്ങൾക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ഒൻപതു വിഭാഗങ്ങളായി തിരിച്ചാണ് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. പ്രാഥമിക കാർഷിക വായ്പാ സംഘം, വനിത, പട്ടികജാതി/ പട്ടികവർഗ, ആശുപത്രി, പലവക, ലേബർ കോൺട്രാക്ട്, അർബൻ ബാങ്ക്, മാർക്കറ്റിംഗ്, എംപ്ലോയീസ് എന്നീ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് ‌ഉപഹാരങ്ങൾ നൽകിയത്. വടകര സഹകരണ റൂറൽ ബാങ്ക്, കാരശ്ശേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം, കൊടുവള്ളി പട്ടികജാതി സഹകരണ സംഘം, കോഴിക്കോട് ജില്ലാ കോ- ഓപ്പറേറ്റീവ് ആശുപത്രി, സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട്, കാലിക്കറ്റ് കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്, ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി, വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘങ്ങൾ യഥാക്രമം ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

കേരള ബാങ്ക് റീജണൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. നാഷണൽ ലേബർ കോ- ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ ന്യൂഡൽഹി ഡയറക്ടർ ടി.കെ. കിഷോർ കുമാർ നവകേരള നിർമിതിക്ക് സഹകരണപ്രസ്ഥാനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. പി.എ.സി.എസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനയത്ത് ചന്ദ്രൻ, ജില്ലാ പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത് കുമാർ, കേരളാ ബാങ്ക് കോഴിക്കോട് റീജ്യൺ ജനറൽ മാനേജർ സി. അബ്ദുൾ മുജീബ് വിവിധ സഹകരണപ്രസ്ഥാന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജോയിന്റ് രജിസ്ട്രാർ ജനറൽ ബി. സുധ സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ അംഗം എം.കെ. ഗീത നന്ദിയും പറഞ്ഞു.

അവലോകനയോഗം ചേർന്നു

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ അവലോകനയോഗം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മണ്ഡലത്തിലെ എം.എൽ.എ ഫണ്ട്‌ പ്രവൃത്തികൾ അല്ലാത്ത മറ്റ് പ്രധാന പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്.

ബജറ്റ്, പ്ലാൻ, കിഫ്‌ബി, സൗത്ത് ബീച്ച് സൗന്ദര്യവത്കരണം, മേജർ/മൈനർ ഇറിഗേഷൻ, സിറ്റി റോഡ് ഇംപ്രൂവ്മെന്റ്, ടൂറിസം, ജനകീയ ആവശ്യമായി നിൽക്കുന്നതും എങ്ങുമെത്താത്തതുമായ പ്രവൃത്തികൾ, ടൗൺ പ്ലാനിംഗിന്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കേണ്ട അടിയന്തര പദ്ധതികൾ, എൽ.എ നടപടി തുടങ്ങിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. എല്ലാ പദ്ധതികളുടെയും പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. ഓരോ ആറു മാസത്തിലും പ്രവൃത്തി അവലോകന യോഗം ചേരാനും തീരുമാനമായി.

ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ഡെപ്യൂട്ടി കലക്ടർമാരായ കെ. ഹിമ, ശാലിനി, പൊതുമരാമത്ത്, ജലസേചനം, വിനോദസഞ്ചാരം, പൊതുവിദ്യാഭ്യാസം, തുറമുഖ എൻജിനീയറിങ് വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൂമുള്ളി സപ്ലൈകോ മാവേലി സ്റ്റോർ ഉദ്ഘാടനം നാളെ

കേരള സർക്കാർ കോഴിക്കോട് ജില്ലയിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ കൂമുള്ളി എന്ന സ്ഥലത്ത് അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നാളെ (ജൂലൈ മൂന്ന്) ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ നിർവ്വഹിക്കും. അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരിക്കും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ആദ്യ വിൽപ്പന നടത്തും.

വായനപക്ഷാചരണം: ക്വിസ് മത്സരം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

വായനപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ മൂന്ന്) ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 9:30ന് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി.എൻ. പണിക്കരുടെ അനുസ്മരണാർത്ഥമാണ് വായനപക്ഷാചരണം നടത്തിയത്. ഇതോടനുബന്ധിച്ച് ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഐ & പി.ആർ.ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ അധ്യക്ഷനാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. എം. രാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി.എൻ. ഉദയഭാനു, ജില്ലാ വനിതാ- ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി, ഡി.സി.പി.യു ഷൈനി തുടങ്ങിയവർ പങ്കെടുക്കും.

കെ.ടി. ശേഖരൻ ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ.ടി. ശേഖരൻ ചുമതലയേറ്റു. ന്യൂ ഡൽഹി കേരള ഹൗസ്, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടറായും കോഴിക്കോട്, കാസർകോട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറായും കേരള മീഡിയ അക്കാദമിയിൽ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് കേരള കൗമുദി, മാധ്യമം, പ്രദീപം എന്നീ പത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. അത്തോളി സ്വദേശിയാണ്.

പി.ആർ.ഡിയിൽ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമ. 2020-2021, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്സ് പാസായവരായിരിക്കണം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്- 20 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 12 വരെ ലഭിക്കുന്ന അപേക്ഷകളേ സ്വീകരിക്കുകയുള്ളൂ.

തിരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പിൽ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാൻ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റിസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാൻ അനുവദിക്കാനാകാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495- 2370225

ശ്രദ്ധേയമായി പേരാമ്പ്രയിലെ ആരോഗ്യമേള; പങ്കെടുത്തത് 1200-ഓളം ആളുകൾ

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്കുതല ആരോഗ്യമേള ജന പങ്കാളിത്തത്താൽ ശ്രദ്ധേയമായി. പേരാമ്പ്ര വി.വി ദക്ഷിണാമൂർത്തി സ്മാരക ഹാളിൽനടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു.

അലോപ്പതി, ആയുർവേദം, ഹോമിയോ മേഖലകളിലായി 1200 -ഓളം രോഗികൾക്ക് പരിശോധന നടത്തി മരുന്നുകൾ നൽകി. കാൻസറും പ്രതിരോധ മാഗർങ്ങളും എന്ന വിഷയത്തിൽ ഡോ.വി.നാരായണൻകുട്ടി വാര്യരും ഡോ. സി.കെ. വിനോദും ക്ലാസെടുത്തു. വിമുക്തിയുമായി ബന്ധപ്പെട്ട് റിട്ട. എക്സെെസ് ഓഫീസർ കെ.സി കരുണാകരനും സംസാരിച്ചു. എക്സെെസ്, അഗ്നിരക്ഷാ സേന, സി.ഡി.എസ് എന്നിവയുടെ സ്റ്റാളുകൾ, കാരുണ്യ ഹെൽത്ത് ഇൻഷുറൻസ് കിയോസ്ക്, കോവിഡ് വാക്സിനേഷൻ സൗകര്യം, രക്തനിർണയ ക്യാമ്പ് തുടങ്ങിയവയും മേളയുടെ ഭാഗമായിരുന്നു.

പരിപാടിയോടനുബന്ധിച്ച് അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയും ആരോഗ്യ പ്രവർത്തകർക്കായി ബാഡ്മിന്റൺ, ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിച്ചിരുന്നു. ആരോഗ്യമേളയുടെ വിളംബര ജാഥയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി വിദ്യാർഥികളുടെ സൈക്കിൾ റാലി. സി.കെ.ജി ഗവ. കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ മേള സംബന്ധിച്ച് എൻ.എച്ച്.എം മാനേജർ ഡോ. എ. നവീനും ആർദ്രം മിഷ്യൻ കോ-ഓർഡിനേറ്റർ ഡോ. സി.കെ ഷാജിയും സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, സി.കെ ശശി, ഉണ്ണി വേങ്ങേരി, വെെസ് പ്രസിഡന്റ് വി.പി പ്രവിത, ജില്ലാ പാഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ശശികുമാർ പേരാമ്പ്ര സ്വാഗതവും ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി.വി മനോജ് കുമാർ നന്ദിയും പറഞ്ഞു.

തീരദേശമേഖല ക്ഷയരോഗ നിർമാർജനയജ്ഞം പദ്ധതി ജില്ലാതല ഉദ്ഘാടനം

തീരദേശമേഖല ക്ഷയരോഗ നിർമാർജനയജ്ഞം പദ്ധതി ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. 2025 ക്ഷയരോഗ മുക്ത കേരളം പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീരദേശമേഖലയിൽ ക്ഷയരോഗ സാധ്യത കൂടുതൽ ഉള്ളതിനാൽ ഈ മേഖലയിൽ താമസിക്കുന്ന എല്ലാ ആളുകളെയും ക്ഷയരോഗവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുക, ക്ഷയരോഗ പരിശോധനാ ക്യാമ്പുകൾ നടത്തി ക്ഷയരോഗം ഇല്ല എന്ന് ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ജില്ലയിലെ തീരദേശമുൾപ്പെടെയുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ക്ഷയരോഗമുക്തമാക്കി 2025നകം തന്നെ ജില്ലയെ ക്ഷയരോഗമുക്തമാക്കുന്നതിന് വേണ്ടിയുള്ള സജീവമായ പ്രവർത്തനങ്ങളാണ് നാം നടത്തേണ്ടതെന്ന് മേയർ പറഞ്ഞു.

ടി.ബി ഫോറം ജില്ലാ പ്രസിഡന്റ് ശശികുമാർ ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർഫാറൂഖ് മുഖ്യാതിഥിയായി. ഡോ. ടി.സി. അനുരാധ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് വന്ന ആളുകളും കോവിഡിന്റെ ലക്ഷണങ്ങൾ ഉള്ളവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ക്ഷയരോഗ പരിശോധന കൂടി നടത്തിയാൽ മാത്രമേ ക്ഷയരോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന് ജില്ലാ ടി.ബി ഓഫീസർ സൂചിപ്പിച്ചു.

മുൻ ജില്ലാ ടി.ബി ഓഫീസർ ഡോ. പി.പി. പ്രമോദ്കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് കെ.എ. അബ്ദുൽ സലാം, കൊയിലാണ്ടി ടി.ബി യൂനിറ്റ്- ടി.ബി ഫോറം കോ- ഓർഡിനേറ്റർ ടി.പി. സുനിൽ, സ്റ്റാഫ് സെക്രട്ടറി സുജിത, ജില്ലാ ടി.ബി ഫോറം അംഗങ്ങളായ സാഷ, റസീന, സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർ വൈസർമാരായ ഷിജിത്ത്, നിഷ, ജില്ലാ ഡി.ആർ ടി.ബി കോ- ഓർഡിനേറ്റർ കോയ, പി.പി.എം കോ- ഓർഡിനേറ്റർ മുഹമ്മദ് ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.