ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഹരിതകര്‍മ്മസേനയും അണിയറയില്‍; മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തീര്‍ക്കുന്ന മഹാവിപത്തിനെക്കുറിച്ച് മ്യൂസിക്കല്‍ വീഡിയോയുമായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്
കീഴരിയൂര്‍: ഇന്ന് കേരളമൊട്ടാകെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍. മാലിന്യങ്ങള്‍ നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞ് തിരക്കിട്ട് എങ്ങോട്ടോ ഓടുന്ന നമ്മള് നമുക്ക് തന്നെ തീര്‍ക്കുന്ന മഹാവിപത്തിനെക്കുറിച്ച് ഒരിക്കലും ഓര്‍ക്കാറില്ല. നമുക്കോരോരുത്തര്‍ക്കും ഒരു മുന്നറിയിപ്പായി മാറുകയാണ് ഇതുമായി ബന്ധപ്പെട്ട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച മ്യൂസിക്കല്‍ വീഡിയോ.
ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരും ജനപ്രതിനിധികളും ഹരിതകര്‍മ്മസേനയും ഒത്തു ചേര്‍ന്നപ്പോള്‍ ഈ ദൃശ്യ സംഗീത വിരുന്ന് നമുക്കുള്ള സന്ദേശം കൂടിയാവുന്നു. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ജീവനക്കാരും, ഹരിതസേനാംഗങ്ങളുമാണ് എന്നത് ഈ വീഡിയോക്ക് ചന്തം കൂട്ടുന്നു.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂന.സി.കെ ഇത്തരമൊരു വീഡിയോ ചെയ്യാമെന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ കവിതയും തിരക്കഥയും വോയ്സ് ഓവറും ചെയ്തത് ഈ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് അമൃതലക്ഷ്മിയാണ്. ഈ മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തത് സീനിയര്‍ ക്ലാര്‍ക്ക് വിജല ആണെന്നതാണ് മറ്റൊരു പ്രത്യേകത. ഈ കവിതയ്ക്ക് സംഗീതം നല്‍കിയത് AI സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.
അവധി ദിവസം ഇതിനായി തിരഞ്ഞെടുത്ത് സെക്രട്ടറി മുതലുള്ള എല്ലാ ജീവനക്കാരും ഹരിത കര്‍മ്മ സേനാംഗങ്ങളും ജനപ്രതിനിധികളും പ്രയത്നിച്ചു. ഈ വീഡിയോക്ക് സാങ്കേതിക സഹായം ചെയ്തത് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് എന്ന സംഘടനയിലെ അംഗങ്ങളായ ആന്സന് ജേക്കബും, ജുനൈദ് പയ്യന്നൂരും, പ്രശാന്ത് ചില്ലയും ആണ്.
പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ മ്യൂസിക്കല്‍ വീഡിയോ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ പ്രകാശനം ചെയ്തു. ഈ വീഡിയോ നാടിന് വലിയൊരു സന്ദേശമാവട്ടെയെന്നും ഇനിയുമിനിയും ഇത്തരത്തിലുള്ള വീഡിയോകള്‍ നമ്മുടെ സാംസ്കാരിക മണ്ഡലത്തെ ഉജ്വലമാക്കട്ടെ എന്നും നിര്‍മ്മല ടീച്ചര്‍ പറഞ്ഞു വെച്ചു.