കോടമഞ്ഞണിഞ്ഞ പ്രകൃതിയുടെ കുളിരും ദൃശ്യവിരുന്നും ആസ്വദിക്കാം; കണ്ണൂരിന്റെ മൂന്നാര്‍ പാലുകാച്ചി മല സഞ്ചാരികളെ കാത്തിരിക്കുന്നു
കണ്ണൂര്‍: മഴ ശമിച്ചതോടെ മഞ്ഞണിഞ്ഞ മാമലകളില്‍ കുളിര് തേടി പ്രകൃതിദൃശ്യങ്ങളാസ്വദിക്കാന്‍ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങി. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാന്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊര്‍ജിതമായി പുനരാരംഭിച്ചതായി കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. പ്രകൃതി ഭംഗി ആസ്വദിച്ച് മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുല്‍മേടുകളും വിശാലമായ ദൂരത്തോളം നാട്ടിന്‍പുറങ്ങളും മല മുകളില്‍ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിര്‍ത്ത് തിരികെ മടങ്ങാം. കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. അകലെ നിന്ന് നോക്കിയാല്‍ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകള്‍ കാണാം എന്നതു കൊണ്ടാണ് ഇതിനെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്.
യാത്രകള്‍ക്ക് സാഹസികതയുടെ മുഖം നല്‍കണമെന്നുള്ളവര്‍ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ്ങിന് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടില്‍നിന്നാണ് തുടക്കം. കണ്ണൂരിന്റെ മൂന്നാര്‍ എന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള പാതയിലെ വള്ളിപ്പടര്‍പ്പുകളും കൂറ്റല്‍ മരങ്ങളും തട്ടുതട്ടായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിലുള്ള പാലുകാച്ചി മലയില്‍നിന്നുള്ള വിഗഹവീക്ഷണം സഞ്ചാരികള്‍ക്കേറെ പ്രിയങ്കരമാണ്. 2023ലാണ് പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി നിലവില്‍ വന്നത്.
കൊട്ടിയൂര്‍ വനത്തിലെ വന്‍മരങ്ങള്‍ക്ക് ചുവട്ടിലൂടെയാണ് മുകളിലേക്കൂടെയുള്ള ട്രെക്കിങ്. മുകളിലെത്തിയാല്‍ വലിയ പാറക്കെട്ടുകളായിരിക്കും സഞ്ചാരികളെ വരവേല്‍ക്കുക. ഈ യാത്രയ്ക്കിടെ അപൂര്‍വ്വമായ പല സസ്യങ്ങളേയും പക്ഷികളേയുമെല്ലാം യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും
ഇവിടുത്ത സൂര്യോദയം കാണാനാണ് കാഴ്ചക്കാര്‍ കൂടുതലായി എത്താറുള്ളത്. മഞ്ഞ് കെട്ടിയ മലമുകളും ആ മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യന്‍ ഉദിച്ചുയരുന്നതുമെല്ലാം ഇവിടുത്തെ രസകരമായ കാഴ്ചയാണ്. മഞ്ഞ് പൂര്‍ണമായും ഇറങ്ങി പോയാലായിരിക്കും ഇവിടുത്തെ കാഴ്ചകള്‍ ഭംഗിയായി കാണാന്‍ സാധിക്കുക. മലമുകളില്‍ നിന്ന് നോക്കിയാല്‍ അറബിക്കടലിന്റെ ദൂരക്കാഴ്ച ഇവിടെ നിന്ന് കാണാന്‍ സാധിക്കും. മാത്രമല്ല കണ്ണൂര്‍ വിമാനത്താവളവും ദൃശ്യമാകും. വിമാനത്താവളത്തിന്റെ പ്രധാന സിഗ്‌നല്‍ കേന്ദ്രവും പാലുകാച്ചിമലയില്‍ തന്നെ.
പാലുകാച്ചിപ്പാറ തലശ്ശേരിയില്‍ നിന്നും 28 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ എത്താം. കണ്ണൂരില്‍ നിന്നും 34 കിലോ മീറ്ററാണ് പാലുകാച്ചിമലയിലേക്ക് ഉള്ളത്.