‘ഡോറ-ബുജി’യെപ്പോലെ നാടുകാണാനിറങ്ങി നാലാക്ലാസുകാര്‍; കൈയിലെ കാശ് തീര്‍ന്നപ്പോള്‍ ആശങ്ക, ഒടുവില്‍ രക്ഷകനായി ഓട്ടോഡ്രൈവര്‍
കൊച്ചി: കാര്‍ട്ടൂണ്‍ താരമായ ഡോറ – ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടെഡ്രൈവര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ആമ്പല്ലൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കോക്കാടന്‍ ജെയ്‌സണ്‍ എന്ന വ്യക്തിയുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കുട്ടികള്‍ സുരക്ഷിതരായി മാതാപിതാക്കളുടെ അടുത്ത് മടങ്ങിയെത്തിയത്.
സ്‌ക്കൂള്‍ വിട്ട ശേഷമാണ് നാലാംക്ലാസുകരായ രണ്ടു കുട്ടികള്‍ നാടു കാണാനായി ഇറങ്ങിയത്. പ്ലാന്‍ ചെയ്തതു പോലെ രണ്ട് പേരും കൂടി സ്വകാര്യ ബസില്‍ കയറി യാത്രയും തുടങ്ങി. എന്നാല്‍ ആമ്പല്ലൂരിലെത്തിയപ്പോഴേക്കും കൈയിലെ കാശ് തീര്‍ന്നു.
പിന്നാലെ ഓട്ടോസ്റ്റാന്റിലെത്തിയ കുട്ടികള്‍ ജെയ്‌സന്റെ ഓട്ടോറിക്ഷയില്‍ കയറി. എന്നിട്ട് സമീപത്തെ കല്യാണ വീട്ടിലേക്ക് പോകണമെന്നും തങ്ങളുടെ കൈയില്‍ പണമില്ലെന്നും പറഞ്ഞു.
കുട്ടികളായതുകൊണ്ട് കാശ് സാരമില്ലെന്ന് ജെയ്‌സണ്‍ മറുപടിയും നല്‍കി. എന്നാല്‍ കുട്ടികളുടെ പെരുമാറ്റവും അവര്‍ക്ക് സ്ഥലം പരിചയമില്ലെന്നും മനസിലാക്കിയതോടെ ജെയ്‌സണ് സംശയമായി.
പിന്നാലെ കുട്ടികളുടെ ഐഡി കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇതിനോടകം കുട്ടികളെ അന്വേഷിച്ച് രക്ഷിതാക്കള്‍ സ്‌ക്കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ജെയ്‌സണ്‍ തന്നെ കുട്ടികളെ സ്‌ക്കൂളിലെത്തിക്കുകയായിരുന്നു.