”എന്നോട് കളിക്കല്ലേ, എന്നോട് പണം ചോദിക്കാറായോ?” ബാലുശ്ശേരിയിൽ മദ്യപിച്ച് എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌


ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച ബാലുശ്ശേരി എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനാണ് ഹോട്ടലില്‍ ബഹളം വെച്ചത്.

സംഭവത്തെ തുടര്‍ന്ന്‌ രാധാകൃഷ്ണനെ ഇന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐയെ പ്രകോപിച്ചതെന്നാണ് വിവരം.

ഹോട്ടലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ എസ്.ഐ ഹോട്ടല്‍ ഉടമയോട് ശബ്ദത്തില്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. സംസാരം തുടര്‍ന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ എസ്.ഐ പിടിച്ചുമാറ്റി കൊണ്ടുപോവുകയായിരുന്നു.

ഹോട്ടലുടമകളുടെ പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ സര്‍സസ്‌പെന്റ് ചെയ്തത്. അതിക്രമത്തിനെതിരെ ഹോട്ടലുടമകള്‍ പരാതി നല്‍കുകയായിരുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടാണ് കേസെടുത്തത്.