ഒരു വശത്ത് വലിയ ഗർത്തം മറുവശത്ത് പാറക്കെട്ടും, യാത്രക്കാരെല്ലാം ഉറക്കത്തിൽ; താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായി, ഡ്രൈവരുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 38 ജീവനുകൾ


താമരശ്ശേരി: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രം 38 ജീവനുകളാണ് കഴിഞ്ഞ ദിവസം തമരശ്ശേരി ചുരത്തില്‍ രക്ഷപ്പെട്ടത്. ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഡീലക്‌സ് ബസില്‍ 36 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണുണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു സംഭവം. ബംഗലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലാവുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്തത്. ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസിലാക്കിയ ഡ്രൈവര്‍ ഫിറോസ് മനസാന്നിധ്യം വീണ്ടെടുത്ത് ബസ് നിയന്ത്രണത്തില്‍ വരുത്തുകയായിരുന്നു.

ഒരു വശത്ത് കൂറ്റന്‍ ഗര്‍ത്തവും മറുവശത്ത് പാറക്കെട്ടുമാണുണ്ടായിരുന്നത്. ഡ്രൈവറുടെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും ജീവനുകള്‍ രക്ഷപ്പെട്ടത്. ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്ന യാത്രക്കാരെ ബസ് സുരക്ഷിതമായി നിര്‍ത്തിയതിന് ശേഷം വിളിച്ചുണര്‍ത്തി തൊട്ട് പിറകെ വന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറ്റിവിടുകയായിരുന്നു.