ഒ.എല്‍.എക്‌സ് വഴി ഐപാഡ് വാങ്ങാനെന്ന വ്യാജേന അടുത്തുകൂടി, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്നും 20 ലക്ഷം കവര്‍ന്നു; നൈജീരിയന്‍ സ്വദേശി പിടിയില്‍



കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ബംഗളൂരു വിദ്യാരണ്യപുരയില്‍ വ്യാജ വിലാസത്തില്‍ താമസിച്ചുവരുകയായിരുന്ന നൈജീരിയന്‍ പൗരന്‍ ഇമ്മാനുവല്‍ ജയിംസ് ലെഗ്‌ബെട്ട്(32)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പിനുപയോഗിച്ച സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ പ്രതിയില്‍നിന്ന് കണ്ടെടുത്തു.

ഒ.എല്‍.എക്സില്‍ വില്‍പനക്കുവെച്ച ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെല്‍ ഫാര്‍ഗോ ബാങ്കിന്റെതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ന്‍ നിര്‍മിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിലില്‍ അയച്ചും വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുവഴിയും ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ചുമായിരുന്നു തട്ടിപ്പ്. പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷന്‍ പ്രോസസിങ് ചാര്‍ജ് എന്നിങ്ങനെ പറഞ്ഞ് 20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്. പ്രതി സ്പൂഫ് ചെയ്ത ഇ-മെയില്‍ വിലാസമാണ് ഉപയോഗിച്ചിരുന്നത്. പ്രതികള്‍ ആറുവര്‍ഷത്തോളമായി അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞുവരികയായിരുന്നു.

സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തും സംഘവും നിരവധി ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചും ഒട്ടേറെ മൊബൈല്‍ ഫോണുകളും മറ്റു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചും നിരവധി മേല്‍വിലാസങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

summary: a Nigerian native has been arrested for extorting 20 lakh rupees from nallalam native through online fraud