മൂരാട് തെരുവുനായ ആക്രമണം; എട്ടുവയസുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്ക്


പയ്യോളി: തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ബാലകൃഷ്ണൻ, കീഴനാരി മൈഥിലി, ശ്രീരേഷ് ഒഴിവയലിൽ, എട്ടു വയസ്സുകാരി ആഷ്മിക എന്നിവർക്കാണ് കടിയേറ്റത്. മൂരാട്, പെരിങ്ങാട് ഭാഗങ്ങളിൽ ഇന്നലെ വെെകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിലും ചികിത്സ തേടി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ആഷ്മികയെ തെരുവുനായ ആക്രമിക്കുന്നത്. കുട്ടിയുടെ ചെവിക്കും തലയ്ക്കും നായയുടെ കടിയേറ്റു. ആഷ്മികയെ വടകര ജില്ലാ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നതിനിടെയാണ് നായ ശ്രീരേഷിനെ ആക്രമിച്ചത്. കടിയേറ്റതോടെ നായയെ ഇയാൾ കീഴ്പ്പെടുത്തി കെട്ടിയിടുകയായിരുന്നു. അതിനാൽ കൂടുതൽ പേരെ നായ ആക്രമിക്കുന്നതിൽ തടയാൻ സാധിച്ചു.

ഇവരെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി ഇന്ന് നായയെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.