രക്ഷിതാക്കളുടെ കണ്‍മുന്നില്‍ കാര്‍ ഇടിച്ചു തെറിപ്പിച്ചു; കോഴിക്കോട് പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു



കോഴിക്കോട്: കോഴിക്കോട് കോവൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് പരിക്കേറ്റ പതിമൂന്നുകാരി മരിച്ചു. വെള്ളിപറമ്പ് ഉമ്മളത്തൂര്‍ സ്വദേശി മാവുള്ളപറമ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അജീഷിന്റെ മകള്‍ വിദ്യാര്‍ഥി ശ്രീലക്ഷ്മി (13) ആണ് മരിച്ചത്.

രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പം റോഡരികില്‍ നില്‍ക്കവേ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കോവൂര്‍ ഇരിങ്ങാടന്‍പള്ളി റോഡിലാണ് അപകടം നടന്നത്. ബന്ധുവീട്ടില്‍ പോയി മടങ്ങവേ കാര്‍ റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങിയതായിരുന്നു. ഇതേ സമയം എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ നിയന്ത്രണം വിട്ട് ശ്രീലക്ഷ്മിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അമ്മ കൈ പിടിച്ചു റോഡരികിലേക്ക് വലിച്ചതിനാല്‍ സഹോദരന്‍ രക്ഷപ്പെട്ടു. ശ്രീലക്ഷ്മിയെ ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയുടെ കണ്ണുകള്‍ ദാനം ചെയ്തു.

ചേവായൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: റിഷ. സഹോദരന്‍: ശ്രീവിനായക്.