ഇരുനില വീട് വലിയ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു, ഒരു നില പൂര്‍ണ്ണമായി ഭൂമിക്കടിയിൽ; എറണാകുളം പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം


Advertisement

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഇരുനില വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തില്‍ പതിമൂന്നുകാരന്‍ മരിച്ചു. കീഴില്ലം അമ്പലപ്പടിയിലാണ് സംഭവം. വളയന്‍ചിറങ്ങര പരത്തുവയലിപ്പടി കാവില്‍തോട്ടം ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെ മകന്‍ ഹരിനാരായണനാണ് മരിച്ചത്. എണ്‍പത്തിയേഴ് വയസുള്ള മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരി പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement

രാവിലെ ആറരമണിയോടെയായിരുന്നു അപകടം. ഇരുനില വീടിന്റെ ഒരുനില പൂര്‍ണ്ണമായി ഇടിഞ്ഞ് മണ്ണിനടിയിലേക്ക് താഴ്ന്നു. അപകടത്തിന് തൊട്ടുമുമ്പ് വലിയ ശബ്ദം കേട്ടതായി ഈശ്വരന്‍ നമ്പൂതിരി മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

അപകടസമയത്ത് ആറുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഈശ്വരന്‍ നമ്പൂതിരി ഉള്‍പ്പെടെ നാല് പേര്‍ വീടിന് പുറത്തായിരുന്നു. മകള്‍ ദേവിക ഇരുനില വീടിന്റെ ടെറസിലുണ്ടായിരുന്നു.

അസാധാരണമായ ശബ്ദം കേട്ട് അത് പരിശോധിക്കാനായാണ് നാലുപേരും വീടിന് പുറത്തെത്തിയത്. അപകടസമയത്ത് മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരിയും ഹരിനാരായണനുമാണ് വീടിനകത്ത് ഉണ്ടായിരുന്നത്.

Advertisement

മൂന്ന് ജെ.സി.ബികള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതില്‍ ഒരു ജെ.സി.ബി ഇടിഞ്ഞുതാഴ്ന്ന വീടിന്റെ ബാക്കിഭാഗം താങ്ങിനിര്‍ത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. നാരായണന്‍ നമ്പൂതിരിയും ഹരിനാരായണനും കട്ടിലില്‍ കിടക്കുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇരുവരെയും പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിനാരായണനെ രക്ഷിക്കാനായില്ല.