120 കോടിയുടെ കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്; സാങ്കേതിക അനുമതി ലഭിച്ചു, ടെണ്ടര്‍ നടപടി തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് വാട്ടര്‍ അതോറിറ്റിയുടെ സാങ്കേതിക അനുമതി ലഭിച്ചതിന് പിന്നാലെ ടെണ്ടര്‍ നടപടിയിലേക്ക് കടന്നു. ജലവിതരണം, സ്ഥാപിക്കാന്‍, പരിശോധന, കമ്മീഷന്‍ ചെയ്യുന്ന പ്രവൃത്തി എന്നിവയ്ക്കായുള്ള ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഒക്ടോബര്‍ പത്തിനുള്ളഇല്‍ ദര്‍ഘാസ് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നഗരസഭയിലെ തീരദേശ മേഖലയിലെയും മലയോര മേഖലയിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ കാലങ്ങളായി വലിയ തോതില്‍ കുടിക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരമെന്നോണമാണ് നഗരസഭയ്ക്കുവേണ്ടി ബൃഹത് കുടിവെള്ള പദ്ധതിക്ക് രൂപംകൊടുത്തത്. ഇതിന്റെ ആദ്യ ഘട്ടമായി മൂന്ന് ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്.
കിഫ് ബി മുഖേന 85 കോടി രൂപ ചെലവിലാണ് ജലസംഭരണികള്‍ സ്ഥാപിച്ചത്. വലിയ മലയിലും, കോട്ടക്കുന്നിലും സിവില്‍ സ്റ്റേഷന് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് മുകളിലായുമാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. ഇതില്‍ വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകള്‍ 17 ദശലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും വാട്ടര്‍ അതോറിറ്റി ഓഫീസിലേത് 22 ദശലക്ഷം വെള്ളം ഉള്‍ക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയില്‍ നിന്നും ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രധാന പൈപ്പ്ലൈന്‍ സ്ഥാപിക്കലും പൂര്‍ത്തിയായതാണ്.
ഈ ടാങ്കുകളില്‍ നിന്നും വെള്ളം ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ടെണ്ടര്‍ നടപടികൡലേക്ക് എത്തിയിരിക്കുന്നത്. ഇതിനായി 120 കോടി രൂപയുടെ കിഫ് ബി പദ്ധതിക്ക് സാമ്പത്തിക അനുമതിയായിരുന്നു.
20000 വീടുകളില്‍ ജലവിതരണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കിഫ് ബി മുഖേനയുള്ള പദ്ധതിക്ക് പുറമേ പഞ്ചായത്തുകളിലെ ജലജീവന്‍ പദ്ധതിക്ക് തുല്യമായി നഗരസഭകളില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിതരണ ശൃംഖലയില്‍ നിന്നും വീടുകളിലേക്ക് കണക്ഷന്‍ നല്‍കാന്‍ വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുക. 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 15000 വീടുകളില്‍ കണക്ഷന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടും. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അയ്യായിരം വീടുകളിലെ കണക്ഷന്‍ കിഫ് ബിയുടെ 120 കോടി പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി ചെയ്യാനാണുദ്ദേശിക്കുന്നത്.