വിയ്യൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും; കൊടിയേറ്റം വെള്ളിയാഴ്ച


കൊയിലാണ്ടി: കൊല്ലം വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിനു കൊടിയേറ്റ്. അഞ്ചാം തീയ്യതി വെള്ളിയാഴ്ച മുതൽ പതിനൊന്ന് വെള്ളിയാഴ്ച വരെയാണ് ഉത്സവം.

വെള്ളി രാത്രി ഏഴിനാണ് കൊടിയേറുന്നത്. കലവറ നിറക്കൽ ചടങ്ങിന് ശേഷമാവും കൊടിയേറ്റ്. അതിനു ശേഷം തിരുവാതിരക്കളിയും വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും.

അഞ്ചിന് ശനിയാഴ്ച വിശേഷാൽ പൂജകൾ, സ്വാമിനി ശിവാനന്ദപുരിയുടെ ആത്മീയപ്രഭാഷണം, ശ്രീഭൂതബലി തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആറാം തീയ്യതി ഞായറാഴ്ച മുചുകുന്ന് പത്മനാഭൻ്റ ഓട്ടംതുള്ളൽ, കാഴ്ചശീവേലി എന്നീ പരിപാടികളായിരിക്കും ഉണ്ടാവുക.

ഏഴിന് തിങ്കളാഴ്ച കാഴ്ചശീവേലി, പ്രശാന്ത് നരയംകുളത്തിൻറെ ആത്മീയ പ്രഭാഷണം എട്ടാം തീയ്യതി ചൊവ്വാഴ്ച ഇരട്ട തായമ്പക, ഒൻപത് ബുധനാഴ്ച പാണി കൊട്ടൽ, ഉത്സവബലി, പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, രാത്രി ഊരുചുറ്റൽ എന്നിവ ഉണ്ടായിരിക്കും. പത്തിന് വ്യാഴാഴ്ച കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പള്ളിക്കുറുപ്പ്.

പതിനൊന്നിന് കണികാണൽ, ആറാട്ടെഴുന്നള്ളിപ്പ്, കുളിച്ചാറാട്ട് തുടർന്ന് കൊടിയിറക്കി കലശാഭിഷേകത്തിനു ശേഷം ശ്രീഭൂതബലിയോടൊപ്പമാണ് ഉത്സവം സമാപിക്കുക.