മൂക്കുപൊത്താതെ നില്‍ക്കാന്‍ വയ്യ; കൊയിലാണ്ടി ഹാര്‍ബറിന് മുന്‍വശത്തെ ഓവ് ചാലില്‍ മാലിന്യം കുമിഞ്ഞുകൂടിയ നിലയില്‍, പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന് മുന്‍ വശത്തെ ഓവ് ചാലില്‍ മാലിന്യം കുമിഞ്ഞുകൂടിയോടെ ബുദ്ധിമുട്ടിലായി തൊഴിലാളികളും പരിസരവാസികളും. ഓവ് ചാലിലെ മാലിന്യം ഒലിച്ചു പോകാതെ കെട്ടിക്കിടക്കുന്നതും കൊതുകു ശല്യവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ എല്ലാതരത്തിലുളള മാലിന്യങ്ങളും ഓവുചാലിലേക്കാണ് വലിച്ചെറിയുന്നത്. അസഹ്യമായ ദര്‍ഗന്ധം കാരണം ഓവു ചാലിന് സമീപം പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളും പരിസരവാസികളും വളരെ പ്രയാസത്തോടെയാണ് കഴിയുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

നഗരത്തിലെ വീടുകള്‍,സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥലത്തേയും മലിന ജലം ഒഴുകിയെത്തുന്നത് ഈ ഓവുചാലിലേക്കാണ്. പ്ലാസ്റ്റിക് കുപ്പികള്‍, വീടുകളിലെ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയെല്ലാം ഓവു ചാലിലാണ് എത്തുന്നത്. ഇത് കെട്ടി നില്‍ക്കുന്നതോടെ വെളളം ഒഴുകുന്നത് നിലയ്ക്കും. ഇതോടെ ഒഴുകി പോകാന്‍ കഴിയാതെ മലിന ജലം തളം കെട്ടി നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ദിവസം നഗരസഭ ശുചീകരണ തൊഴിലാളികളെത്തി കുറച്ച് മാലിന്യം കോരിയെടുത്ത് കൊണ്ടു പോയിരുന്നു.

ഓവുചാലിലെ വെളളം മുമ്പ് കടലിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. എന്നാല്‍ തീരവാസികള്‍ എതിര്‍ത്തതോടെ ഇപ്പോള്‍ കടലിലേക്ക് വെളളം ഒഴുക്കുന്നില്ല. ഇതിനെ തുടര്‍ന്ന് വെള്ളം തളംകെട്ടി കിടക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നഗരത്തില്‍ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നാണ് കടലോര വാസികളുടെ ആവശ്യം.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് അസി.കലക്ടറുടെ അധ്യക്ഷതയില്‍ പ്രശ്നം പരിഹാരത്തിനായി വിവിധ വിഭാഗം ആളുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഓവുചാല്‍ സ്ലാബിട്ട് മൂടണമെന്നും, മലിനജലം ഹാര്‍ബര്‍ പരിസരത്ത് ജൈവ വേലി (ഗ്രീന്‍ബെല്‍ട്ട്) നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തണമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയരുന്നു.