മലപ്പുറം മുന്നിയൂർ പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീണു; സംഭവം കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരന് താഴെ വീണ് പരിക്ക്


തിരൂരങ്ങാടി: മലപ്പുറത്ത് തേങ്ങ തലയിൽ വീണ് ഗ്രാമപഞ്ചായത്ത് അംഗമായ യുവാവിന് പരിക്ക്. പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനാണ് (25) പരിക്കേറ്റത്. മൂന്നിയൂർ പഞ്ചായത്ത് 6 -ാം വാർഡ് അംഗമാണ് സഫീർ. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം.

സഫീറിന്റെ തലയിൽ തേങ്ങ വീണത് കണ്ട് പേടിച്ച, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി പാറായി കോഴിപറമ്പത്ത് നൗഷാദ്(38) തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സഫീർ കോഴിക്കോട് സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്.

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ നൗഷാദ് മൂന്നിയൂർ പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറാണ്. മറ്റു സമയങ്ങളിൽ ഇയാൾ തേങ്ങയിടുന്നതിനും പോകാറുണ്ട്.