ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് റോഡരികിലൂടെ നടന്ന വിദ്യാര്‍ഥിനിയെ ഇടിച്ചു വീഴ്ത്തി യുവാവ്, ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്



തിരുവനന്തപുരം: കല്ലമ്പലത്ത് വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്ത്തി ബൈക്ക് സ്റ്റണ്ടിങ്. കല്ലമ്പം തലവിളമുക്ക് പുലിക്കുഴി റോഡിലാണ് സംഭവം. ബൈക്ക് സ്റ്റണ്ടിനിടെ നൗഫല്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. ഇതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോഡിനോട് ചേര്‍ന്ന് നടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ നൗഫല്‍ ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അഭ്യാസപ്രവര്‍ത്തനത്തിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് നൗഫല്‍ ആദ്യം വീഴുകയും ബൈക്ക് നിരങ്ങിപ്പോയി പെണ്‍കുട്ടിയെ ഇടിച്ചിടുകയും ചെയ്തു. പിന്നാലെ എതിര്‍വശം ചേര്‍ന്ന് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടികള്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ പെണ്‍കുട്ടിക്കും നൗഫലിനും പരിക്കേറ്റു.

നൗഫല്‍ സ്ഥിരമായി ബൈക്ക് സ്റ്റണ്ട് നടത്തുന്നയാളാണെന്നാണ് സൂചന. പുതിയ സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടുകൂടി ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. പതിനെട്ട് വയസ്സുള്ള നൗഫലിനെതിരേ അപകടകരമായി ബൈക്കോടിച്ചതിന് ആറുകേസുകള്‍ നിലവിലുണ്ട്.