ധരിച്ചെത്തിയ ‘സ്വര്‍ണ’ വസ്ത്രങ്ങള്‍ക്ക് വില 34 ലക്ഷം; നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ചങ്ങരംകുളം സ്വദേശി പിടിയില്‍


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറില്‍ നിന്നാണ് 640 ഗ്രാം സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.  ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച നിലയിലാണ് ഇയാളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.

വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇയാള്‍ ധരിച്ച സ്വര്‍ണ വസ്ത്രങ്ങള്‍ ശ്രദ്ധയില്‍പെടുന്നത്. അക്ബര്‍ നടന്നുപോകുമ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഇടക്കിടെ പാന്റ്‌സ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നതാണ് ദേഹപരിശോധന നടത്താന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. ദേഹപരിശോധനയില്‍ അക്ബര് മൂന്ന് ഉള്‍വസ്ത്രങ്ങള്‍ ധരിച്ചതായി കണ്ടെത്തി. ഇതിലൊന്നിലായിരുന്നു സ്വര്‍ണം തേച്ചുപിടിപ്പിച്ചിരുന്നത്.

വിപണിയില്‍ 34 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.