കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (02-03-23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

പുനർ ലേലം ചെയ്യുന്നു

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, കോഴിക്കോട്/വയനാട് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട കുളങ്ങരത്-നമ്പിത്താൻ കുണ്ട് വലൂക്-വിലങ്ങാട് റോഡ്- (21 കി.മീ) നിർമ്മാണവുമായി ബന്ധപ്പെട്ട് മരുത്, ബദാം, മഹാഗണി, തേക്ക്, മഴമരം മുതലായ മരങ്ങൾ മുറിക്കുന്നതിന് ലേലം ചെയ്യുന്നു. പയ്യക്കണ്ടി കെ കെ ബിൽഡേഴ്സ് സൈറ്റ് ഓഫീസ് പരിസരത്ത് മാർച്ച് 7 ന് രാവിലെ 11മണിക്കാണ് ലേലം. മുദ്രവച്ച ക്വട്ടേഷനുകൾ മാർച്ച് 6 ന് വൈകുന്നേരം 4.30 വരെ സ്വീകരിക്കും.

നീന്തൽ പരീക്ഷ നടത്തുന്നു

കോഴിക്കോട് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനി ( കാറ്റഗറി നമ്പർ 245/ 2020) തസ്തികയുടെ നീന്തൽ പരീക്ഷ മാർച്ച്‌ 10ന് തൃശൂർ ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യു സർവീസ് അക്കാദമി ,ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് പി. ഒ, വിയ്യൂർ, തൃശൂർ -680009″ എന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ് സി യുടെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ, നീന്തൽ പരീക്ഷയിൽ പങ്കെടുക്കുന്നത്തിനുള്ള സമ്മതപത്രം എന്നിവയുമായി രാവിലെ 10 മണിക്ക് മുമ്പ് പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണെന്ന്  ജില്ലാ ആഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2371971.

സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ  ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (പി ആൻഡ് എച്ച് ആർ ), ജനറൽ  മാനേജർ (ബിസിനസ്) തസ്തികകളിൽ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (പി ആൻഡ് എച്ച് ആർ) ലേക്കുള്ള യോഗ്യത: ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ  തത്തുല്യം. ഏതെങ്കിലും സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ മാനേജർ തസ്തികയിലുള്ള പേഴ്സണൽ /അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിലോ ഉള്ള 5 വർഷത്തിൽ കുറയാതെയുള്ള  പ്രവർത്തി പരിചയം വേണം. നിയമ ബിരുദം അല്ലെങ്കിൽ മാനവ വിഭവശേഷിയിലുള്ള  അധിക യോഗ്യത അഭികാമ്യം. ജനറൽ  മാനേജർക്ക് (ബിസിനസ്)  ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ  തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. പ്രായപരിധി 01/01/2023 ൽ  50വയസ്സ് കഴിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 12 ന് മുൻപ് ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944

ദർഘാസുകൾ ക്ഷണിച്ചു

കോഴിക്കോട് പോർട്ട് ഓഫീസർ ബേപ്പൂർ തുറമുഖത്തെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറം കവറിൽ ദർഘാസ് നമ്പർ സി1-1235/22 ‘തുറമുഖ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്’ എന്ന് രേഖപ്പെടുത്തിയിരിക്കണം. നിർദ്ദിഷ്ട ദർഘാസുകൾ മാർച്ച് 15 ന് ഉച്ച്ക്ക് 1മണിക്ക് മുമ്പായി സമർപ്പിക്കണം. അന്നേ ദിവസം ഉച്ചക്ക് ശേഷം 3 മണിക്ക് ദർഘാസുകൾ തുറക്കും. നിരതദ്രവ്യം₹8,030/. ദർഘാസിന്റെ വില 500 + 90 (18% ജി.എസ്.ടി). സാമഗ്രികൾ വിതരണം ചെയ്യേണ്ട കാലാവധി 30 ദിവസം. ദർഘാസ് ഫോറവും ദർഘാസ് സംബന്ധിച്ച വിശദാംശങ്ങളും കോഴിക്കോട് പോർട്ട് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 2414863, ഇ-മെയിൽ: [email protected].

സമയ പരിധി നീട്ടി

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, അംശാദായം അടക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂർത്തിയാവാത്ത അംഗങ്ങൾക്ക് കാലപരിധിയില്ലാതെ അംശാദായകുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിന്  മാർച്ച് 31 വരെ സമയ പരിധി നീട്ടി. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10/- രൂപ (പത്ത്  രൂപ) നിരക്കിൽ പിഴ  ഈടാക്കുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വാഹന ഗതാഗതം നിയന്ത്രിച്ചു
പേരാമ്പ്ര-എടവരാട്-ആവള റോഡിൽ കി.മീ 0/000 നും 7/800 നും ഇടയിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 3 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ  പ്രസ്തുത റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
വാഹന ഗതാഗതം നിരോധിച്ചു  
കരുവൻപൊയിൽ-ആലുതറ റോഡിൽ കരുവൻപോയിൽ മുതൽ മതോലത്ത് കടവ് വരെ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 4 മുതൽ  പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലുളള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
വാഹന ഗതാഗതം നിയന്ത്രിച്ചു
നെല്ലാങ്കണ്ടി-ആവിലോറ-കത്തറമ്മൽ-ചോയിമഠം -ആനപ്പാറ-പടത്തുംകുഴി- പൂനൂർ റോഡിൽ കരുമ്പാരുതൊടുക മുതൽ കത്തറമ്മൽ വരെ 2/800 കി.മീ റോഡിൽ ബി എം ആൻഡ് ബി.സി. പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 4 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലുളള ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
അമ്മയെയും കുഞ്ഞിനേയും കാണാതായി
നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കംവളളി, സിതാര കോർട്ടേഴ്സിന് സമീപം, പുതിയ വീട് ,സുബ്രഹ്മണ്യം എന്ന ആളുടെ  25 വയസ്സ് പ്രായമുളള മകൾ ഐശ്വര്യയെയും അവരുടെ മൂന്നര വയസ്സുളള മകൻ മാധവിനേയും ഫെബ്രുവരി 13 ന് വൈകുന്നേരം 4  മണി മുതൽ കക്കംവെള്ളിയുള്ള വാടക വീട്ടിൽ നിന്നും കാണാതായതായി നാദാപുരം സബ് ഇൻസ്‌പെക്ടർ  അറിയിച്ചു. കണ്ടുകിട്ടുന്നവർ ശ്രീജിത്ത് എസ്, സബ് ഇൻസ്പെക്ടർ നാദാപുരം പോലീസ് സ്റ്റേഷൻ- 6238022407, സിനാക്ക് എ.കെ സിവിൽ പോലീസ് ഓഫീസർ നാദാപുരം പോലീസ് സ്റ്റേഷൻ- -9744923769, നാദാപുരം പോലീസ് സ്റ്റേഷൻ- 04962550225  എന്നീ നമ്പറുകളിൽ വിവരം അറിയിക്കണം.
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്വപ്ന സാക്ഷാത്ക്കാരം
സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
500 കിടക്കകള്‍, 10 ഐസിയുകള്‍, 190 ഐസിയു കിടക്കകള്‍, 19 ഓപ്പറേഷന്‍ തീയറ്ററുകള്‍
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.
കോഴിക്കോട് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്കാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ 6 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 195.93 കോടി രൂപ (കേന്ദ്രം – 120 കോടി, സംസ്ഥാനം – 75.93 കോടി) ചെലവഴിച്ചതാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. 7 നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി കെയര്‍, 6 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂണിറ്റുകള്‍, ഐ.പി.ഡി., ഫാക്കല്‍റ്റി ഏരിയ, സി.ടി., എം.ആര്‍.ഐ, ഡിജിറ്റല്‍ എക്‌സ്‌റേ, സി.സി. ടി.വി. സംവിധാനം, ഡേറ്റാ സംവിധാനം, പി.എ. സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ട്ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്. കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായി 1957 ലാണ് ഈ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത്. കോഴിക്കോട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ 270 ഏക്കര്‍ വിസ്തൃതിയില്‍ ഈ ക്യാമ്പസ് വ്യാപിച്ച് കിടക്കുന്നു. കേരളത്തിലെ 6 ജില്ലകളിലെ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. 1966 ല്‍ ആരംഭിച്ച പ്രധാന ആശുപ്രതിയില്‍ 1183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകള്‍), സാവിത്രി സാബു മെമ്മോറിയല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (101 കിടക്കകള്‍), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകള്‍), സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോംപ്ലക്‌സ്, സോണല്‍ ലിംഫ് ഫിറ്റിംഗ് സെന്റര്‍, ദന്തല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, ത്രിതല കാന്‍സര്‍ സെന്റര്‍ എന്നിവ പിന്നീട് സ്ഥാപിച്ചു.
250 എം.ബി.ബി.എസ്. സീറ്റുകളുണ്ട്. 25 വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദ പഠനസൗകര്യങ്ങളും 10 വിഭാഗങ്ങളിലായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുമുണ്ട്. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാള്‍ട്ട് തെറാപ്പി, ലീനിയര്‍ ആക്‌സിലറേറ്റര്‍, പെറ്റ്‌സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്‌സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
തൊഴിലാളികൾക്ക് ജോലി സമയം പുന:ക്രമീകരിച്ചു
വേനൽക്കാലം ആരംഭിക്കുകയും  പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം  മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെ പുന:ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവിറക്കി. സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകൾ പ്രകാരമാണ്  സംസ്ഥാനത്തിനുള്ളിൽ വെയിലത്ത് ജോലി ചെയ്യുന്നവർക്കായി സമയം പുന:ക്രമീകരിച്ചത്.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പു:നക്രമീകരിച്ചു. എല്ലാ തൊഴിൽ ഉടമകളും കരാറുകാരും സമയക്രമം പാലിക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.