ഇലന്തൂര്‍ നരബലി കേസ് വന്നത് തുണയായി; പന്തളത്ത് നിന്ന് കാണാതായ യുവതിയെ പത്തുവര്‍ഷത്തിനിപ്പുറം മലപ്പുറത്ത് കണ്ടെത്തി



പത്തനംതിട്ട:
പന്തളം കുളനടയില്‍ നിന്നും പത്തുവര്‍ഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും പോലീസ് കണ്ടെത്തി. ഇലന്തൂര്‍ നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തളം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഭര്‍ത്താവിനും രണ്ട് മക്കളുമൊത്ത് കുളനടയില്‍ താമസിക്കവേ 2012 മേയ് ആറിന് രാവിലെ 10 മണിക്കാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം, 13ന് ഭര്‍ത്താവിന്റെ മൊഴിപ്രകാരം അന്നത്തെ എസ്.ഐ. ലാല്‍ സി. ബേബിയാണ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനാവാത്തതിനാല്‍ കേസ് തെളിയേണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 9 ന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നീട് 2018 മേയ് 20 ന് കേസ് തുടരന്വേഷണം ആരംഭിച്ചിരുന്നു.
{mid1]

ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ (38) എന്നയാള്‍ക്കൊപ്പം മലപ്പുറം പെരിന്തല്‍മണ്ണയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. ഇസ്ലാം മതം സ്വീകരിച്ച് മറ്റൊരു പേര് സ്വീകരിച്ചാണ് ഹന്‍സിലുമായി വിവാഹം കഴിച്ചത്. ആദ്യഭര്‍ത്താവിലെ മകള്‍ യുവതിക്കൊപ്പമാണുള്ളത്.

വ്യാപകമായ അന്വേഷണത്തിലാണ് ഹന്‍സിലിനെ കണ്ടെത്താനായത്. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ തന്നെ ഇയാളെപ്പറ്റി സൂചന ലഭിച്ചിരുന്നുതുടര്‍ന്ന് ഹരിപ്പാടുള്ള വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പുനലൂരിലെ ജോലിസ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചത്. പുനലൂരില്‍ സ്വര്‍ണവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഹന്‍സിലിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി പെരിന്തല്‍മണ്ണയിലുണ്ടെന്ന വിവരം ലഭിച്ചത്. യുവതി പെരിന്തല്‍മണ്ണയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതായി പോലീസ് മനസിലാക്കി.

ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ വാടകവീട്ടിലെത്തിയ പോലീസ് അവരെ പന്തളത്തേക്ക് കൂട്ടിക്കൊണ്ട് വന്നു. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയവേ ഇവര്‍ പന്തളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. അതിനിടെ സഹപ്രവര്‍ത്തകനായ ഹന്‍സിലുമായി അടുപ്പത്തിലായി. കാമുകനായ ഹന്‍സിലുമായി സ്വമേധയാ അന്നത്തെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു പോയതാണെന്നും, ഇസ്ലാം മതം സ്വീകരിച്ച് ഒമ്പത് വര്‍ഷത്തോളം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ചുവെന്നും അവര്‍ മൊഴി നല്‍കി.

എന്നാല്‍ കുടുംബപ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഹന്‍സിലുമായി പിരിഞ്ഞുകഴിയുകയാണെന്നും, വിവാഹമോചനത്തിന് മാവേലിക്കര കുടുംബകോടതിയില്‍ കേസ് നടന്നുവരികയാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.