അരിക്കുളം എ.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കെ.എസ്.ടി.എ; ശക്തമായ സമരമാര്‍ഗത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്


കൊയിലാണ്ടി: അരിക്കുളം എ.എല്‍.പി.സ്‌കൂളിലെ പ്രധാനാധ്യാപകനായ ഡി.ആര്‍ ഷിംജിത്തിനെ സ്‌കൂള്‍ മാനേജര്‍ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അപകട സ്ഥിതിയിലായ സ്‌കൂള്‍ കെട്ടിടത്തില്‍ ക്ലാസ്സ് നടത്താന്‍ പ്രധാനാധ്യാപകന്‍ വിസമ്മതിച്ചതാണ് മാനേജരെ പ്രകോപിതനാക്കിയത്. സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമര മാര്‍ഗ്ഗത്തിലേക്ക് നീങ്ങുമെന്ന് കെ.എസ്.ടി.എ അറിയിച്ചു.

അരിക്കുളത്ത് നടന്ന പ്രതിഷേധ സംഗമം കെ.എസ്.ടി.എ ജില്ലാ എക്‌സി. അംഗം ഡി.കെ.ബിജു ഉദ്ഘാടനം ചെയ്തു.സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണന്‍.സി. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഗണേശന്‍ കക്കേഞ്ചരി അധ്യക്ഷത വഹിച്ചു. എന്‍.കെ.രാജഗോപാലന്‍, കെ.സുരേഷ് കുമാര്‍ , പ്രവീണ്‍ കുമാര്‍ ബി.കെ., പിയൂഷ് പി. ജിബിന്‍ സി.എ എന്നിവര്‍ സംസാരിച്ചു.

അരിക്കുളം എ.എല്‍.പി സ്‌കൂളിലെ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിക്കാത്തതിനാല്‍ തൊട്ടടുത്ത ലൈബ്രറിയിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന്റെ അപകട ഭീഷണിയിലുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതുക്കിപ്പണിയണമെന്ന അധികാരികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തില്‍ ഇതുവരെ മാനേജര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.