ചക്കിട്ടപാറയിൽ യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ യുവാവിന് പുതുജീവൻ


പേരാമ്പ്ര: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് പുതുജീവന്‍. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. ഇന്ന് വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറയിലാണ് സംഭവം.

ചെമ്പ്ര സ്വദേശിയായ മുപ്പതുവയസ്സുകാരനാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവമറിച്ച് അവിടെയെത്തിയ യുവാക്കള്‍ മല്‍പ്പിടിത്തത്തിലൂടെ യുവാവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് ധാരാളം രക്തം നഷ്ടപ്പെട്ട യുവാവിനെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകട നില തരണം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജ്ജുന്‍ ദേവ്,നിഖില്‍ നരിനട,അഭിലാഷ് മാത്യു,പി.എസ് സജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ‘സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഞങ്ങള്‍ അവിടെയത്തിയത്. കൈ ഞരമ്പ് മുറിച്ച് ഭീകരാന്തരീഷം സൃഷ്ടിച്ച് നില്‍ക്കുന്ന യുവാവിനെയാണ് അവിടെ കണ്ടത്. എത്രയുംപെട്ടന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും’ യുവാക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.