‘അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്’? പ്രണയ ദിനത്തിൽ ശ്രദ്ധേയമായി പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്


കോഴിക്കോട്: ഇന്ന് ഫെബ്രുവരി14, ലോകമെമ്പാടും വാലന്റൈൻ ദിനം ആഘോഷിക്കുകയാണ്. പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്ന, പ്രണയം മനസ്സിൽ സൂക്ഷിച്ചിരിക്കുന്നവർ തമ്മിൽ മനസ്സു തുറക്കുന്ന ദിനം. എന്നാൽ പ്രണയം പരസ്പരം താങ്ങാകുകയും കൈപിടിച്ചുയർത്തുന്നതിനും സാക്ഷ്യം വഹിച്ചത് പോലെ പ്രണയം പലപ്പോഴും പകയായി മാറുന്നതും കഴിഞ്ഞ വർഷം കേരളത്തെ നടുക്കുന്ന കാഴ്ചയായിരുന്നു.

പ്രണയമെന്ന പേരിൽ ആരംഭിച്ച് ആസിഡിലെരിഞ്ഞൊടുങ്ങുന്നതും കത്തി മുനയിൽ അവസാനിച്ചതുമായ നിരവധി ജീവിതങ്ങൾക്ക് നടുക്കത്തോടെ മാത്രം സാക്ഷികളാവേണ്ടി വന്ന സമയം. പ്രണയങ്ങളുടെ വിശുദ്ധിയെ ചോദ്യ ചെയ്യുന്ന തരത്തിലുള്ളതാണ് ഇന്ന് പല പ്രണയങ്ങളും. ഹൃദയത്തിൽ നിന്നും പ്രണയം ശരീരത്തിലേക്ക് മാത്രമായി ഒതുങ്ങുന്ന കാലം, വഞ്ചനയുടെ കാലം.

അത്തരത്തിൽ കേരളത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി പ്രതിപക്ഷ നേതാവിൻ്റെ വി.ഡി സതീശൻ പ്രണയ ദിനയത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്? എന്ന് ചോദിച്ചു കൊണ്ട് ഫേസ്ബുക് പേജിലാണ് വി.ഡി കുറിച്ചത്. പുരുഷ മേൽക്കോയ്മ അപചയമാണെന്നും പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

പ്രണയത്തിൽ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാവണമെന്ന് പ്രചോദനവും അദ്ദേഹം തന്റെ കുറിപ്പിലൂടെ നൽകുന്നു. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ എന്ന് എഴുതിയാണ് വി.ഡി സതീശൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പരസ്പര ബഹുമാനത്തോടെ സ്നേഹത്തോടെ സൗഹൃദത്തോടെ പകയിലൊതുങ്ങാതെ വ്യത്യസ്തമാകട്ടെ നമ്മുടെ പ്രണയങ്ങളും.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്നതിന്റെ മറുവശമാണ് എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നത്. പ്രണയിക്കാനും തിരസ്കരിക്കാനുമുള്ള അവകാശം അവന്റേയും അവളുടേയും വ്യക്തി സ്വാതന്ത്രമാണ്. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്രവും മറ്റേയാൾക്കും ഉണ്ടെന്ന് തിരിച്ചറിയുക. പ്രണയം തകരുമ്പോഴോ തിരസ്കരിക്കപ്പെടുമ്പോഴോ പ്രണയിനിയെ കായികമായി നേരിടുന്നതും ഇല്ലാതാക്കുന്നതും നീതിയല്ല. അത്രമേൽ സ്നേഹിച്ചതിന് ശേഷം പ്രാണൻ എടുക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്?

ഒരാൺകുട്ടിക്ക്, പുരുഷന് അങ്ങനെ തോന്നുന്നുവെങ്കിൽ അത് ആൺ മേൽക്കോയ്മയിൽ നിന്നുണ്ടാകുന്നതാണ്. അതൊരു സാമൂഹിക അപചയമാണ്. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട ആൺകുട്ടിളെ നിങ്ങളത് തിരിച്ചറിയണം. ഞാൻ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല.

പ്രണയങ്ങൾ ഊഷ്മളമാകണം. അവിടെ സ്നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം. ശൂന്യതയുടെ നിമിഷങ്ങൾ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളിൽ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്കരണങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർഥ കരുത്തർ.