സംസ്ഥാനത്ത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു: തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്ത് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാതക ഉയര്‍ത്തി.

സംസ്ഥാന വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരാക്കി വികസനവും സമത്വവും ഉറപ്പാക്കാനാണ് ശ്രമമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതീവ ദാരിദ്ര്യവും ഭവനരാഹിത്യവും ഇല്ലാതാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. പശ്ചാത്തല സൗകര്യവികസനം എല്ലാ വികസനത്തിനും അടിസ്ഥാനമെന്ന നിലയിലാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതന്ന് – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഫെഡറല്‍ തത്വങ്ങള്‍ പുലരണമെന്നും രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടക ഫെഡറലിസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടയാളം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്ത്. അടിസ്ഥാന യാഥാര്‍ത്ഥ്യം മറന്നുള്ള നിലപാട് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ കെടുത്തുന്നതാണ്.മതനിരപേക്ഷതക്ക് നേരെ കയ്യറ്റം നടക്കുന്ന നിലയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

summary: chief minister pinarayi vijayan hoisted the national flag at the thiruvananthapuram central stadium as part of independence day