കേരളത്തിലെത്തിയത് അഞ്ചു തവണ, കൊയിലാണ്ടിയും പാക്കനാർപുരവും വടകരയും സന്ദർശിച്ചു; നാനാ വിഭാഗങ്ങളിലുള്ളവരുമായി സമ്പർക്കം, ഗാന്ധിജിയുടെ കേരള യാത്രയിലേക്ക് ഒരു തിരിഞ്ഞു നോട്ടം…


സ്വാതന്ത്ര്യസമരപ്പോരാട്ട കാലത്ത് അഞ്ചു തവണ കേരളത്തിലെത്തിയ ഗാന്ധിജി, സംസ്ഥാനത്തുടനീളം സഞ്ചരിച്ചിട്ടുണ്ട്. സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തി. വിദ്യാലയങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം അതിഥിയായെത്തി. കേരളത്തിലെത്തിയ സമയത്ത് സ്വാതന്ത്ര്യത്തിനായി ശക്തമായ പോരാട്ടം കാഴ്ച വെച്ച കൊയിലാണ്ടി മേഖലയിലും അദ്ദേഹം സന്ദർശനം നടത്തിയെന്നത് അഭിമാനകരമാണ്. തൻറെ നാലാമത്തെ യാത്രയിലാണ് കൊയിലാണ്ടി, പാക്കനാർപുരം, വടകര തുടങ്ങിയ സ്ഥലങ്ങളിൽ ഗാന്ധിജി സന്ദർശനം നടത്തിയത്. ഗാന്ധിജിയുടെ കേരള യാത്രയിലേക്ക് ഒരു എത്തിനോട്ടം …

1934 ജനുവരി 10 ന് കേരളത്തിൽ എത്തിയ ഗാന്ധിജി 13 ദിവസം സംസ്ഥാനത്തുടനീളം യാത്ര ചെയ്തു. ജനുവരി 13ന് തലശേരി, മാഹി, വടകര, പാക്കനാർപുരം, കൊയിലാണ്ടി വഴി കോഴിക്കോടേക്ക് പോയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. അറിയാം കേരളത്തിലൂടെയുള്ള ഗാന്ധിജിയുടെ സന്ദർശനങ്ങളെ….

1920 ഓഗസ്റ്റ് മാസത്തിലാണ് ഗാന്ധി ആദ്യമായി കേരളത്തിൽ എത്തുന്നത്. രണ്ട് ദിവസമാണ് അദ്ദേഹം സംസ്ഥാനത്ത് ചില വഴിച്ചത്. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർഥമാണ് ഗാന്ധിജി കേരളത്തിലെത്തിയത്. ഓഗസ്റ്റ് 18 ന് കോഴിക്കോടെത്തിയ അദ്ദേഹം മൗലാനാ ഷൗക്കത്തലിയുടെ കൂടെ കടപ്പുറത്ത് പൊതുയോഗത്തിൽ പങ്കെടുത്തു. പത്തൊമ്പതാം തിയ്യതി മംഗലാപുരത്തേക്കു പോയി.

വൈക്കംസത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു ഗാന്ധിജിയുടെ രണ്ടാമത് കേരള സന്ദർശനം.1925 മാർച്ച് 8-ന് കൊച്ചിയിലെ ഓൾഡ് റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. റെയിൽവേ ബംഗ്ലാവിൽ വിശ്രമിച്ച ശേഷം ബോട്ടിൽ മട്ടാഞ്ചേരിയിലേക്ക്. മഹാരാജാസ് കോളേജും സന്ദർശിച്ചു.

മാർച്ച് 9 ന് കൊച്ചിയിൽ തുടർന്ന ശേഷം തൊട്ടടുത്ത ദിവസം വൈക്കത്തേക്കു പോയി. വൈക്കത്തു പൗരസ്വീകരണം, വൈഎംസിഎ സെക്രട്ടറിയുമായി അഭിമുഖ സംഭാഷണം, കായൽക്കര സമ്മേളനം എന്നിവയിൽ പങ്കെടുത്തു. വൈക്കത്തെ ജനസംഖ്യ വെറും 3000 ആയിരുന്നിട്ടു കൂടി  മഹാത്മജിയുടെ പ്രസംഗം കേൾക്കാൻ ഇരുപതിനായിരത്തിലധികം ആളുകളാണ് കായൽക്കരയിൽ തടിച്ചുകൂടിയത്.

വൈക്കം സത്യഗ്രഹികൾക്കായി ശ്രീനാരായണഗുരു സ്‌ഥലം വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ച സത്യഗ്രഹ ആശ്രമത്തിലെ അന്തേവാസികളെ അഭിസംബോധന ചെയ്യാനും ഗാന്ധിജി എത്തി. മാർച്ച് 11 നാണ് അദ്ദേഹം ആശ്രമം സന്ദർശിച്ചത്. ഈ ആശ്രമം ആണ് ഇന്ന് ആശ്രമം സ്‌കൂൾ എന്ന പേരിൽ പ്രവർത്തിക്കുന്ന സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ. തുടർന്ന് ആലപ്പുഴയിലേക്ക്. മുനിസിപ്പൽ കൗൺസിലിനു വേണ്ടി ഡോ. പി.കെ പണിക്കർ ഗാന്ധിജിയെ സ്വീകരിച്ചു.

മാർച്ച് 12 ന് വർക്കലയിൽ തിരുവിതാംകൂർ മഹാറാണിയെ സന്ദർശിച്ചു. ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെയും കണ്ടു.

13-ാം തിയ്യതിശിവഗിരി മഠത്തിന്റെ സ്വീകരണത്തിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവിതാംകൂർ മഹാരാജാവിനെയും മഹാറാണിയെയും ദിവാനെയും സന്ദർശിച്ചു. ഫോർട്ട് ഹൈസ്കൂൾ, ഗേൾസ് സ്കൂൾ, സയൻസ് കോളജ്, ലോ കോളജ് തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹത്തിന് സ്വീകരണം നൽകി.

മാർച്ച് 14-നാണ് ബാലരാമപുരം പുലയ സ്കൂൾ സന്ദർശിക്കുന്നത്. തുടർന്ന് നെയ്യാറ്റിൻകര, കളിയിക്കാവിള, കുഴിത്തുറ, തക്കല വഴി കന്യാകുമാരിയിലേക്ക്. കടൽ കടന്നു സഞ്ചരിച്ചു എന്ന കാരണത്താൽ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടു. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ അദ്ദേഹത്തിന് സ്വീകരണം നൽകി.

അടുത്ത ദിവസം തിരുവനന്തപുരത്തു മടങ്ങിയെത്തി. കഴക്കൂട്ടം, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, പന്തളം വഴി ചെങ്ങന്നൂരിലെത്തി. അവിടെ മുനിസിപ്പാലിറ്റിയുടെ സ്വീകരണം. തിരുവല്ല വഴി ചങ്ങനാശേരിയിൽ. അവിടെയും മുനിസിപ്പാലിറ്റിയുടെ സ്വീകരണം. തുടർന്ന് കോട്ടയത്ത്. ബിഷപ് ചൂളപ്പറമ്പിലിനെയും കൈതാരം സ്വാമിയാർ മഠവും സന്ദർശിച്ച ശേഷം എംടി സെമിനാരിയിൽ താമസിച്ചു.

മാർച്ച് 17 ന് സത്യഗ്രഹാശ്രമത്തിൽ പുലയ മഹാസഭയിൽ പങ്കെടുത്തു. സവർണനേതാവായ ഇണ്ടൻതുരുത്തി നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി. പൊലീസ് കമ്മിഷണർ പിറ്റ് ഗാന്ധിജിയെ സന്ദർശിച്ചു.

അടുത്ത ദിവസം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് സന്ദർശിച്ചു. തിരുവിതാംകൂർ മഹാരാജാവ് കോളജിനു വിട്ടുകൊടുത്ത കച്ചേരിമാളികയുടെ മുറ്റത്തു തേന്മാവിൻതൈ നട്ടു. പറവൂർ വൈക്കത്തായിരുന്നു താമസം. മുനിസിപ്പാലിറ്റിയുടെ സ്വീകരണത്തിലും അദ്വൈതാശ്രമം സന്ദർശനവും നടത്തി.

അന്നു തന്നെ തൃശൂരിലെ വിവേകോദയം ഹൈസ്കൂൾ സന്ദർശനത്തോടൊപ്പം തേക്കിൻകാട് മൈതാനിയിലെ പൊതുയോഗത്തിലും പങ്കെടുത്തു. നഗരാതിർത്തിയിൽ പുലയരുടെ വക യാത്രയയപ്പ്. വടക്കഞ്ചേരി, ആലത്തൂർ, പാലക്കാട്, ഒലവക്കോട് വഴി ശബരിയാശ്രമത്തിൽ ഗാന്ധിജിയെത്തി. മാർച്ച് 19 പാലക്കാട്ട് അദ്ദേഹത്തിന് റെയിൽവേ തൊഴിലാളികളുടെ സ്വീകരണം.

തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ഒക്ടോബർ 9 മുതൽ 15 വരെയായിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ സന്ദർശനം. ഒക്ടോബർ 9 ന് നാഗർകോവിൽ വഴി ഗാന്ധിജി തിരുവനന്തപുരത്ത് എത്തി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമയെയും റീജന്റ് സേതുലക്ഷ്മിഭായിയേയും കണ്ട് തിരുവാർപ്പ് ക്ഷേത്ര റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. വിജെടി ഹാളിൽ മഹിളാ സമ്മേളനത്തിലും പങ്കെടുത്തു. ടിക്കറ്റു വച്ച് പ്രവേശനം നടത്തിയതിനെ ഗാന്ധിജി വിമർശിച്ചു. പുത്തൻ കച്ചേരി മൈതാനത്തു നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.

ഒക്ടോബർ 10 ന് തിരുവനന്തപുരത്തു തങ്ങിയ ശേഷം 11-ാം തിയ്യതി കൊല്ലത്തു നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 12 ന് കരുവാറ്റ ഇംഗ്ലിഷ് ഹൈസ്കൂൾ സന്ദർശിച്ച് ഹരിപ്പാട് വഴി ആലപ്പുഴയിലേക്ക് പോയി. നൗറോജി നാരായണൻ വാലായുടെ വസതിയിൽ വിശ്രമിച്ചു. തുടർന്ന് പൊതുയോഗത്തിലും പങ്കെടുക്കുകയും സ്വീകരണവും ഏറ്റുവാങ്ങുകയും ചെയ്തു.

ഒക്ടോബർ 13 ന് കൊച്ചിയിലെത്തിയ ഗാന്ധിജിയെ ദിവാൻ ടി.എസ് നാരായണ അയ്യരും വി.കെ പാറുക്കുട്ടി നേത്യാരമ്മയും സന്ദർശിച്ചു. ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമത്തിന് ശേഷം ഗുജറാത്തികളെ അഭിസംബോധന ചെയ്തു. ജയറാം സേട്ടിന്റെ സ്വീകരണത്തിന് ശേഷം ഹരിചന്ദ് മാനക്ചന്ദിന്റെ വസതിയിൽ നിന്ന് ലഘുഭക്ഷണം കഴിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 14 ന് ഒല്ലൂർ വഴി തൃശൂരിലേക്ക് പോയി. സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ താമസിച്ചു. ഒക്ടോബർ 15 ന് സ്കൂളുകൾ സന്ദർശനവും തേക്കിൻകാട് മൈതാനത്തിലെ പൊതുയോഗത്തിലും പങ്കെടുത്തു. അന്നു തന്നെ പാലക്കാട്ട് ശബരിയാശ്രമം സന്ദർശിച്ചു. പിന്നീട് പാലക്കാട്ടുനിന്നു കോയമ്പത്തൂരേക്കു പോയി. വീണ്ടും 25–ാം തീയതി കേരളത്തിലെത്തി.

ഒക്ടോബർ 25 ന് ഒറ്റപ്പാലം, ഷൊർണൂർ, വള്ളുവനാട്, തളിപ്പറമ്പ് വഴി കോഴിക്കോടെത്തി ശ്യാംജി സുന്ദറിന്റെ വസതിയിൽ താമസം. സ്വീകരണ ചചടങ്ങിൽ പങ്കാളിയായി, ഹരിജനങ്ങളെ അഭിസംബോധന ചെയ്തു.

ഹരിജനഫണ്ട് ശേഖരണം മുഖ്യ ലക്ഷ്യമാക്കിയാണ് ഗാന്ധിജി നാലാമത് കേരളത്തിലെത്തിയത്. 1934 ജനുവരി 10 മുതൽ 22 വരെ 13 ദിവസം അദ്ദേഹം കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.

ജനുവരി 10 നാണ് ഒലവക്കോട് ശബരിയാശ്രമം സന്ദർശിച്ചത. തുർന്ന് പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, തെങ്കുറിശ്ശി, നെച്ചുള്ളി, കരിമ്പുഴ, ചെർപ്പുളശേരി, ഒറ്റപ്പാലം വഴി ഗുരുവായൂരിലെത്തി.അടുത്ത ദിവസം ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുത്തു.

ജനുവരി 13ന് തലശേരി, മാഹി, വടകര, പാക്കനാർപുരം, കൊയിലാണ്ടി വഴി കോഴിക്കോടേക്ക് പോയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. ഹരിജൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിന്ന് പഠനത്തിനായി കെ.കേളപ്പൻ പാക്കനാർപുരത്താരംഭിച്ച ശ്രദ്ധാനന്ദാ വിദ്യാലയവും ഗാന്ധിജി അന്ന് സന്ദർശനം നടത്തിയിരുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതിന് ശേഷം സ്ഥാപനം ഗാന്ധി സദനം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

അന്നേദിവസം വടകരയിൽ വച്ച് നടന്ന പരിപാടിയിൽ ഗാന്ധിജിയുടെ പ്രസംഗത്തിൽ ആകൃഷ്ടയായ കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവനയായി നൽകിയതായി പറയുന്നു. ആളുകൾക്ക് വയറുനിറയെ ഉണ്ണാൻ പോലും സാഹചര്യമില്ലാത്ത ഈ രാജ്യത്ത് എന്തിനാണ് നമുക്കിത്രയും സ്വർണാഭരണങ്ങൾ എന്നായിരുന്നു തൻറെ മുന്നിലെത്തിയവരോട് ഗാന്ധിജി ചോദിച്ചത്. ഇതുകേട്ട് കൗമുദി തന്റെ കൈയിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ ഊരി നൽകുകയായിരുന്നു എന്നാണ് ചരിത്രങ്ങൾ രേഖപ്പെടുത്തുന്നത്. ചില പുസ്തകങ്ങളിൽ കൗമുദി സ്വർണാഭരണങ്ങൾ ഊരി നൽകിയ സംഭവം നടക്കുന്നത് ജനുവരി14-നാണ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
കോഴിക്കോട് ടൗൺഹാളിലെ പൊതുയോഗത്തിന് ശേഷം

ജനുവരി 14-ന് ഗാന്ധിജി കൽപറ്റ സന്ദർശിക്കുന്നത്. തുടർന്ന് കോഴിക്കോട് മലബാർ മർച്ചന്റ്സ് അസോസിയേഷന്റെ യോഗം, കടപ്പുറത്ത് പൊതുയോഗം എന്നിവയിലും പങ്കെടുന്നു..
15 -ന് കോഴിക്കോട് തുടർന്ന ശേഷം അടുത്ത ദിവസം അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിവ സംബന്ധിച്ച് സാമൂതിരിമായി ചർച്ച. അന്നു തന്നെ തൃശൂരിൽ എത്തി. രാമകൃഷ്ണ ഗുരുകുലത്തിൽ താമസം.

ജനുവരി 17 ന് തൃശൂരിൽ ഹരിജന ഗ്രാമങ്ങൾ സന്ദർശിച്ചു. കൂർക്കഞ്ചേരിയിലും പെരുവാനത്തും ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും സന്ദർശനം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിൽ പ്രസംഗം. എറണാകുളത്ത് ടാറ്റാ ഓയിൽ മില്ലിൽ താമസം.
ജനുവരി 18 ന് തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, പള്ളുരുത്തി, തുറവൂർ, ആലപ്പുഴ, നെടുമുടി എന്നി സ്ഥലങ്ങളിൽ സന്ദർശനം.

ജനുവരി 19നായിരുന്നു ഗാന്ധിജിക്ക് കോട്ടയത്ത് സ്വീകരണം നൽകിയത്. പൊതുയോഗത്തിൽ പങ്കെടുത്തു. ചങ്ങനാശേരിയിൽ എസ്എൻഡിപിയുടെ ആനന്ദാശ്രമം ഉദ്ഘാടനം ചെയ്തതും അന്നു തന്നെ. അടൂരും, പന്മനയും സന്ദർശനം.

ജനുവരി 20 ന് പന്മനയിലും കൊല്ലത്തും ശിവഗിരിയിലും ഹരിജൻ കോളനികൾ സന്ദർശിച്ചു. വർക്കലയിൽ ശ്രീനാരായണഗുരു ആശ്രമം സന്ദർശിച്ചു. തിരുവനന്തപുരത്ത് പൊതുയോഗത്തിലും ഗാന്ധിജി പങ്കെടുത്തു.

ജനുവരി 21 നാണ് തിരുവനന്തപുരം ഹരിജൻ ഹോസ്റ്റൽ സന്ദർശിച്ചത്. മഹിളാ സമ്മേളന ശേഷം പാപ്പനംകോട് വഴി നെയ്യാറ്റിൻകരയിലേക്ക് പോയി. അമരവിള ക്രിസ്ത്യൻ ഹരിജന സമ്മേളനത്തിൽ പങ്കെടുത്തു. കുഴിത്തുറ, തക്കല വഴി നാഗർകോവിൽ. ജനുവരി 22-ന്കന്യാകുമാരി ധർമശാലയിൽ താമസം.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ ഒടുവിലത്തെ കേരള സന്ദർശനം. 1937 ജനുവരി 12 ന് കേരളത്തിലെത്തിയ ഗാന്ധിജിക്ക് തിരുവനന്തപുരം മുനിസിപ്പാലിറ്റിയിൽ സ്വീകരണം നൽകി. 13-ന് ഹിന്ദി ബിരുദദാന സമ്മേളനത്തിൽ പ്രസംഗം. പത്മനാഭസ്വാമി ക്ഷേത്രം, ഹരിജൻ ഹോസ്റ്റൽ സന്ദർശനവും പൊതുയോഗവും. തുടർന്ന് 14-ാം തിയ്യതി തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സന്ദർശിച്ചു. വെങ്ങാനൂരിൽ അയ്യങ്കാളിയുമായി കൂടിക്കാഴ്ച, തുടർന്ന് തക്കല, തിരുവട്ടാർ. നാഗർകോവിലിൽ പൊതുയോഗത്തിനു ശേഷം കന്യാകുമാരിയിൽ വിശ്രമം.

വർക്കല ശിവഗിരി മഠത്തിലെ സമ്മേളനത്തിൽ ജനുവരി 16 ന് ഗാന്ധിജി പങ്കെടുത്തു. തുടർന്ന് പാരിപ്പള്ളി വഴി കൊല്ലത്തെത്തി. സ്വീകരണവും പൊതുയോഗത്തിലും പങ്കാളിയായി.

ജനുവരി 17 ന് തട്ടാരമ്പലം ഹരിപ്പാട്, 18 ന് തകഴി, ചേർത്തല വഴി വൈക്കത്തെത്തി പൊതുയോഗത്തിൽ പങ്കെടുത്തു. 19 – നാണ് മിഷനറികളുമായി അദേഹം ചർച്ച നടത്തുന്നത്. മഹിളാ സമ്മേളനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.
ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കുമാരനല്ലൂർ ദേവീ ക്ഷേത്രം, തിരുവാർപ്പ് ക്ഷേത്രം തുടങ്ങിയവ സന്ദർശിച്ചു. കോട്ടയം സിഎംഎസ് കോളജിൽ മിഷനറിമാരുമായി അദേഹം ചർച്ച നടത്തി

ജനുവരി 20: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, പന്തളത്തുമെത്തിയ ഗാന്ധിജി 21 ന് കൊട്ടാരക്കര വഴി മദ്രാസിലേക്ക് മടങ്ങി.