മയക്കു മരുന്ന് മാഫിയയുടെ കേന്ദ്രമായി നാട്; വ്യാപക പരിശോധന നടത്തി പയ്യോളി ജനജാഗ്രത സമിതി


 

പയ്യോളി: മയക്കു മരുന്ന് പിടിമുറുക്കാനാരംഭിച്ചതോടെ ശക്ത്തമായ പ്രതിരോധവുമായി പയ്യോളിയിലെ നാട്ടുകാർ. മുൻപ് പല തവണ ഇതിനെതിരെ നടപടികളെടുക്കണമെന്ന ആവശ്യമുയർന്നെങ്കിലും മയക്കു മരുന്ന് മാഫിയയുടെ വിരാജക കേന്ദ്രമായി ഇവിടം മാറാൻ തുടങ്ങിയതോടെ ശക്തമായ പ്രതികരണവുമായി നാട് ഒന്നടങ്കം കൈകോർക്കുകയായിരുന്നു. പയ്യോളിയിലെ ജനജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള വ്യാപക പരിശോധനയും നടത്തി.

മയക്കുമരുന്നുമാഫിയക്കാരുടെ സ്ഥിരം ഒളിത്താവളങ്ങളായ റെയിൽവെ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരം, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവടങ്ങളിൽ ജാഗ്രത സമിതി പ്രവർത്തകർ പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിൻ്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ ബീച്ച് റോഡിലെ റെയിൽവെ ഗേറ്റിന് സമീപത്തെ പഴയ ഹോട്ടൽ കെട്ടിടത്തിനുള്ളിൽ നിന്ന് ഉപയോഗിച്ച സിറിഞ്ചുകൾ, ഗുളികകൾ, മരുന്നു കുപ്പികൾ തുടങ്ങിയവ കണ്ടെത്തി.

വരും ദിവസങ്ങളിലും ജാഗ്രത സമിതിയുടെ പ്രവർത്തനം വിപുലമാക്കുമെന്നും മയക്കുമരുന്ന് ഉപയോഗക്കാരെയും വിൽപനക്കാരെയും കൈയ്യോടെ പിടികൂടി പോലീസ് – എക്സൈസ് വിഭാഗവുമായി സഹകരിച്ച് സ്ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നഗരസഭയും പോലീസും രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക സംഘടനകളും ഒറ്റക്കെട്ടായാണ് മഹാവിപത്തിനെതിരെ അണിനിരന്നത്.

 

പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. പയ്യോളി സി.ഐ. കെ.സി. സുഭാഷ് ബാബു, നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. ഫാത്തിമ, എ.പി. റസാഖ്, മഠത്തിൽ അബ്ദുറഹ്മാൻ, പി.എം . ഹരിദാസ്, കൺവീനർ കുനിയിൽ വേണു, കെ.ടി. സിന്ധു , ബഷീർ മേലടി, എം.സമദ് തുടങ്ങിയവർ സംസാരിച്ചു. നിസാർ പയലൻ , എസ്. എം. എ. ബാസിത്, വടക്കയിൽ ബിജു, റഹീസ്, ഷംസു സൂപ്പർ, മോഹനൻ, വടക്കയിൽ മൊയ്തീൻ, ജയേഷ് ഗായത്രി, എ.വി. സക്കറിയ, എ.വി. അശ്വിൻ, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.