കല്ലേരിയില്‍ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; ആക്രമണത്തിന് ഇരയായ ബിജുവിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്


വടകര: കല്ലേരിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിന് ശേഷം കാര്‍ കത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. നാദാപുരം വെള്ളൂര്‍ സ്വദേശി വിശ്വജിത്ത്, കണ്ണൂര്‍ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂര്‍ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്ത് കൊട്ടേഷനാണെന്ന സംശയത്തിലാണ് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ട ബിജുവിന്റെ മൊഴി പ്രകാരം സംഭവമിങ്ങനെ:

പുലര്‍ച്ചെ ഒന്നരയോടെ സുഹൃത്തായ ഷമ്മാസാണ് ഫോണില്‍ ബിജുവിനെ വിളിച്ചത്. വണ്ടിയുമായി പോകുമ്പോള്‍ കല്ലേരി പാലത്തിനു സമീപം വണ്ടി കേടായെന്നും സഹായിക്കണമെന്നും പറഞ്ഞു. തുടര്‍ന്നാണ് ബിജു കാറുമായി കല്ലേരിയിലെത്തിയത്. ഒരു ബൈക്കിനരികെ ഷമ്മാസ് നില്‍ക്കുന്നുണ്ടായിരുന്നു.

സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ബസിനരികില്‍ രണ്ടുപേര്‍ കൂടി വരികയും മൂന്നുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കാറിന്റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട ബിജു വീട്ടിലെത്തി മറ്റൊരു താക്കോലെടുത്ത് കല്ലേരിയില്‍ എത്തിയെങ്കിലും കാര്‍ കത്തുന്നതാണ് കണ്ടത്. മൂന്നുപേരും രക്ഷപ്പെടുകയും ചെയ്തു.

അറസ്റ്റിലായ മൂന്നുപേരെയും കോഴിക്കോട് റൂറല്‍ എസ്.പി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. വ്യക്തിവൈരാഗ്യം ആണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. കല്ല്യാണ വീട്ടിലെ തര്‍ക്കങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നും മൊഴിയുണ്ട്. പൊലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ മറ്റൊന്നും പറയാനാകില്ലെന്നുമാണ് എസ്.പി. ശ്രീനിവാസ് പറയുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ച ഒന്നരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ ബിജുവിന്റെ കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. വടകര എസ്.ഐ എം.നിജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. രാവിലെ ഫോറന്‍സിക് സംഘം കാറില്‍ നിന്ന് തെളിവെടുത്തിരുന്നു. കാര്‍ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.

സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടല്‍ കേസില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താന്‍ അറിയാതെ ബിജു, സ്വര്‍ണക്കടത്ത് നടത്തുന്നുണ്ടെന്ന് അര്‍ജുന്‍ ആയങ്കി തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടിയിട്ടുണ്ട്.