‘ആശുപത്രിയിലെത്തുന്നവര്‍ പാര്‍ക്കിങ്ങിനായി അലഞ്ഞു തിരിയേണ്ടിവരുന്നത് ആശുപത്രി ഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മ’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്ന് യുവജനസംഘടനകള്‍


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്കും ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമാകുന്നത് കൊയിലാണ്ടി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ജനങ്ങളില്‍ എത്തിയതോടെ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ യുവജനസംഘടനകള്‍ രംഗത്ത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സജ്ജീകരണം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദിനം പ്രതി നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കി നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞത്.

പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതിനാല്‍ ചികിത്സക്കെത്തുന്നവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ആശുപത്രിയിലെത്തുന്നവരുടെ വാഹനങ്ങള്‍ ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇത് ഗതാഗത കുരുക്കിന് കാരണമാവുകയാണെന്നും, മുന്‍പുണ്ടായിരുന്ന ആശുപത്രി കെട്ടിടം പൊളിച്ച സ്ഥലം പാര്‍ക്കിങ്ങിനായി വിട്ടു നല്‍കികൊണ്ട് വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും തന്‍ഹീര്‍ പറഞ്ഞു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാവണമെന്ന് ഡി.വൈ.എഫ്.ഐയും ആവശ്യപ്പെടുന്നു. ആശുപത്രിയ്ക്കുള്ളില്‍ പുതിയ കെട്ടിടത്തിനായുള്ള സ്ഥലം നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്നുണ്ട് എന്നിരിക്കെയാണ് വാഹനങ്ങള്‍ ദേശീയപാതയോരത്തും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്. ഇത് അംഗീകരിക്കാനാവില്ല. നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഇവിടെ രോഗികളുമായെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ താല്‍ക്കാലിക സൗകര്യമൊരുക്കുകയും സ്ഥിരംപാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തുകയും ചെയ്യണം. അല്ലാത്തപക്ഷം ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ആശുപത്രിയില്‍ നിലവിലുള്ള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഡോക്ടര്‍മാര്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും മാത്രമാണ് ലഭിക്കുന്നതെന്നാണ് യൂത്ത് ലീഗ് പറയുന്നത്. പൊതുജനങ്ങള്‍ വാഹനങ്ങളുമായി ആശുപത്രിയിലേക്ക് വരുമ്പോള്‍, പ്രത്യേകിച്ച് കൊയിലാണ്ടി പോലെ ഗതാഗതകുരുക്കുള്ള ഒരു പ്രദേശത്ത് സ്റ്റേഡിയത്തിന്റെ പരിസരം മാത്രമേ ആശ്രയിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി ജനങ്ങള്‍
നിരന്തരം പ്രശ്നത്തില്‍ ഏര്‍പ്പേടേണ്ടി വരുന്ന സ്ഥിതിയാണുള്ളതെന്നാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി കെ.കെ റിയാസ് നന്തി വിഷയത്തില്‍ ഇടപെട്ട് കൊയിലാണ്ടി ന്യൂസുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്.

ആശുപത്രിയില്‍ സൗകര്യമുണ്ടായിരിക്കെ പൊതുജനങ്ങള്‍ക്ക് ഈ രൂപത്തില്‍ പാര്‍ക്കിംഗ് സൗകര്യം നല്‍കാത്തത് തീര്‍ച്ചയായിട്ടും ഏറ്റവും വലിയ ജനവിരുദ്ധതയും മനുഷ്യത്വവിരുദ്ധവുമാണെന്നും ആശുപത്രിയില്‍ എത്തുന്ന രോഗികളോട് ഇത്തരത്തില്‍ മനുഷ്യത്വമില്ലാതെ പെരുമാറുന്നത് നിലവിലുള്ള ആശുപത്രി ഭരണസംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു, വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച്, ഒരു യുവജന സംഘടന എന്ന നിലയില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ധേഹം കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.