കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം


കൊയിലാണ്ടി: കൊയിലാണ്ടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഭീമമായ ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനത്തിനെതിരെ നാട്ടുകാര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും രംഗത്തെത്തി. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

അന്യായമായ തീരുമാനമാണ് ദേവസ്വം ബോര്‍ഡിന്റെതെന്ന് ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കള്‍ പിഷാരികാവിലെത്തി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ബാലന്‍ നായരുമായി ചര്‍ച്ച നടത്തി. പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ഡി.വൈ.എഫ്.ഐ ശക്തമായ സമരം ആരംഭിക്കുമെന്നും നേതാക്കള്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനെ അറിയിച്ചു. തുടര്‍ന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന ഉറപ്പ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് ലഭിച്ചതായി ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


Related News: ബൈക്കിന് 10 രൂപ, കാറിന് 20 രൂപ, വലിയ വാഹനങ്ങൾക്ക് 100 രൂപ; കൊല്ലം ചിറയോരത്ത് വാഹന പാർക്കിങ്ങിന് ഫീസ് ഏർപ്പെടുത്തി പിഷാരികാവ് ദേവസ്വം, പ്രതിഷേധവുമായി നാട്ടുകാർ – Click Here to Read


ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് സജിൽ കുമാർ, അരുൺ ലാൽ, ഷിബിൻ, അഭിനന്ദ് എന്നിവരാണ് പിഷാരികാവിൽ എത്തി ചർച്ച നടത്തിയത്.

കൊല്ലം ചിറക്കു സമീപം വാഹന പാർക്കിങ്ങിന് കേരളപ്പിറവി ദിനം മുതൽ ഭീമമായ ഫീസ് ചുമത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സുമേഷ്.ഡി.ഭഗത്, സെക്രട്ടറി എ.ടി.വിനീഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നവംബർ ഒന്ന് മുതൽ ചിറയോരത്ത് പാർക്കിങ് ഫീസ് ഈടാക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ബോർഡ് ചിറയുടെ ഇരുവശങ്ങളിലും കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, നാല് ചക്ര വാഹനങ്ങള്‍ക്ക് 20 രൂപ, വലിയ വാഹനങ്ങള്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫീസ് നല്‍കിയാലും മൂന്നു മണിക്കൂര്‍ സമയമാണ് പാര്‍ക്കിങ് അനുവദിക്കുക എന്നും ബോര്‍ഡില്‍ പറയുന്നു.\

കൊയിലാണ്ടിക്കാരും പുറത്തുള്ളവരും ഉള്‍പ്പെടെ നിരവധി പേരാണ് നേരത്തേ മുതല്‍ തന്നെ ദേശീയപാതയോരത്തെ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി എത്തിയിരുന്നത്. ചിറയുടെ ഒന്നാം ഘട്ട നവീകരണത്തിന് ശേഷം ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു.

നീന്തല്‍ പഠിക്കാനും കുളിക്കാനുമായി ചിറയിലെത്തുന്നവരും ഒരുപാടുണ്ട്. ഏത് സമയവും ചിറയോരത്ത് വാഹനങ്ങളുടെ നിര കാണാം. ശബരിമല സീസണ്‍ ആകുമ്പോള്‍ സാധാരണക്കാര്‍ക്ക് പുറമെ അയ്യപ്പഭക്തരും ഇവിടെ കൂട്ടമായി എത്തുന്നു. ശബരിമല തീര്‍ത്ഥാടകര്‍ കൊല്ലം ചിറയോരത്ത് വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം സീസണ്‍ കാലത്തെ പതിവ് കാഴ്ചയാണ്.