എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവം; കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് മാർച്ച്
കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമംവെച്ച് നടത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ലീഗ് ഓഫീസിൽ നിന്നാണ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധ മാർച്ചിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി സ്വാഗതവും പ്രസിഡന്റ് റിയാസ് കെ.കെ അധ്യക്ഷതയും വഹിച്ചു. കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ, സെക്രട്ടറി അസീസ് മാസ്റ്റർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിസബ് കീഴരിയൂർ, ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എം.എസ്.എഫ് സെക്രട്ടറി ആസിഫ് കലാം, നിയോജക മണ്ഡലംപ്രസിഡന്റ് ആദിക് ജസാർ, തുടങ്ങിയവർ പങ്കെടുത്തു.
പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വിങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെയാണ് പോലീസ് കയ്യാമം വെച്ച് അറസ്റ്റു ചെയ്തു.
മാർച്ചിൽ മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ പങ്കെടുത്തു.