നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ് നില്‍ക്കുന്നില്ലേ; ബാറ്ററി ലൈഫ് നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ


ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി കുറച്ച് കാലം കഴിയുമ്പോഴേക്കും ചാര്‍ജ് ചെയ്യാന്‍ മാത്രമേ നേരമുള്ളൂ എന്ന അവസ്ഥയിലേക്കെത്തും. വളരെ പെട്ടന്നാണ് ഫോണുകളുടെ ബാറ്ററി ലൈഫ് നഷ്ടപ്പെടുന്നത്. ക്വിക്ക് ചാര്‍ജിങ്ങിലൂടെ വേഗത്തില്‍ ചാര്‍ജ് കയറുമെങ്കിലും കയറുന്നതിനേക്കാള്‍ വേഗത്തില്‍ ഇറങ്ങിപ്പോവും. എന്താണ് ഇത്തരത്തില്‍ ബാറ്ററി ലൈഫ് കുറയാനുള്ള കാരണങ്ങള്‍, ഈ ബാറ്ററി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, പരിശോധിക്കാം.

ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്നതിനോടൊപ്പം തന്നെ ചാര്‍ജിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ പരിചരണം നല്‍കിയാല്‍ ഒരുപാട് കാലം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഫോണ്‍ ബാറ്ററികള്‍ക്ക് സാധിക്കും.

പലരും ഫോണ്‍ വാങ്ങിയ ആദ്യ ആഴ്ചകളിലോ മാസത്തിലോ മാത്രമേ ശെരിയായ രീതിയില്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കൂ. പിന്നീട് സ്വിച്ച്ഡ് ഓഫാകുന്നത് വരെ ഉപയോഗിക്കുക, ചാര്‍ജ് ചെയ്തുകൊണ്ട് ഫോണില്‍ കളിക്കുക, ഫുള്‍ ചാര്‍ജായ ശേഷവും ഉപയോഗിക്കുക തുടങ്ങി ബാറ്ററിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതികളായിരിക്കും പിന്തുടരുന്നത്.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നൂറ് ശതമാനമാകാന്‍ കാത്തുനില്‍ക്കുന്നതിന് പകരം ചാര്‍ജ് എണ്‍പത് ശതമാനത്തിലൊക്കെ എത്തിനില്‍ക്കുമ്പോള്‍ തന്നെ ചാര്‍ജിങ്ങ് നിര്‍ത്തുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. നിലവില്‍ മാര്‍ക്കറ്റിലെത്തുന്ന പല ഫോണുകളിലും എണ്‍പത് ശതമാനമാകുമ്പോള്‍ ചാര്‍ജിങ്ങ് ഓട്ടോമാറ്റിക് നില്‍ക്കുന്ന സംവിധാനം നിലവിലുണ്ട്. ഇത് ബാറ്ററി ലൈഫിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു. കൂടാതെ ചാര്‍ജിങ്ങിനായി സ്വന്തം ഫോണിന്റെ ചാര്‍ജറോ ഫോണിന്റെ മോഡലിനനുസൃതമായ ചാര്‍ജറോ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഫോണിന്റെ ബ്രൈയ്റ്റ്‌നെസ് ബാറ്ററിയെ സ്വാധീനിക്കുന്ന മറ്റൊരു സുപ്രധാന ഘടകമാണ്. ബ്രൈറ്റ്‌നസ് 65 മുതല്‍ 70 ശതമാനം വരെയാക്കി ഉപയോഗിക്കുന്നതും ബാറ്ററിലൈഫ് നിലനിര്‍ത്താന്‍ സഹായകമാണ്. ചുറ്റുപാടിലെ കാലാവസ്ഥയും ഫോണ്‍ ബാറ്ററിയുടെ ആരോഗ്യനിലയെ ബാധിക്കുന്നുണ്ട്. ഫോണ്‍ ഉപയോഗത്തിന് അനുയോജ്യമായ കാലാവസ്ഥ 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇന്ത്യയുടെ കാലാവസ്ഥ നോക്കിയാല്‍ തുറസ്സായ സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് അതിന്റെ ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കും.

ഇന്റെര്‍നെറ്റ് ഓണാക്കി കൂടുതല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ബാറ്ററികള്‍ അമിതഭാരം ചുമക്കേണ്ടി വരുന്നു. മൊബൈല്‍ നെറ്റിനേക്കാള്‍ വൈഫൈ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.