തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി


കോടഞ്ചേരി: തുഷാരിഗിരിയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. പൊലീസ് ഫയര്‍ ഫോഴ്‌സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കോഴിക്കോട് നിന്നും എത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന യുവാവിനെയാണ് കാണാതായത്.

രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്.

ഒരാഴ്ച മുമ്പ് കോടഞ്ചേരിയിലെ പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥിയെ കാണാതായിരുന്നു. ഈ വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ തിരച്ചില്‍ തുടരുന്നതിനിടെയാണ് വീണ്ടും സമാനമായ അപകടമുണ്ടായിരിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒരാഴ്ച മുമ്പ് കോഴിക്കോട് ജില്ലയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് കലക്ടര്‍ നിരോധനംം ഏര്‍പ്പെടുത്തിയിരുന്നു. ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ പാറക്കെട്ടിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം നിലനില്‍ക്കെയാണ് തുഷാരഗിരിയില്‍ അപകടമുണ്ടായിരിക്കുന്നത്.