സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.
റിയാദില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ റമീസ് കൊണ്ടുവന്ന ബാഗേജ് എക്‌സ്‌റേ പരിശോധനയില്‍ സംശയകരമായി കണ്ടതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബാഗിലെ എമര്‍ജന്‍സി ലൈറ്റില്‍ എന്തോ ഉള്ളതായി സംശയം തോന്നിയത്. ബാഗേജ് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ ഇന്‍സുലേഷന്‍ ടേപ്പുകൊണ്ടു പൊതിഞ്ഞ സ്വര്‍ണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകള്‍ ലഭിച്ചത്.
എമര്‍ജന്‍സി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തു വിട്ടതാണെന്നാണ് റമീസ് വ്യക്തമാക്കിയത്. സ്വര്‍ണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരുകയാണ്.