സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്തവർക്ക് ആശ്വാസവാർത്ത; കുടിശ്ശിക നിവാരണവും ഒറ്റത്തവണ തീർപ്പാക്കലും മാർച്ച് 31 വരെ, വിശദാംശങ്ങൾ അറിയാം


ലോണെടുത്ത് വായ്പാ കുടിശിക വരുത്തിയിട്ടുള്ളവർക്ക്  ഇളവുകളോടെ അവ തിരിച്ചടയ്ക്കാൻ അവസരമൊരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരെ ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. നവകേരളീയം കുടിശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 പ്രകാരമാണ് ഇളവുകളോടെ ലോണ്‍ അടക്കാന്‍ വഴിയൊരുങ്ങുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ/സംഘങ്ങളിലെ കുടിശിക നിവാരണം പദ്ധതിയനുസരിച്ച് വായ്പകളിമ്മേല്‍ ഒറ്റത്തവണ തീർപ്പാക്കൽ സൗകര്യമാണ് നല്‍കുക. സഹകാരികളിൽ കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതി അനുസരിച്ച് പിഴപ്പലിശ പൂർണമായും ഒഴിവാക്കും. മാത്രമല്ല വായ്പയുടെ സ്വഭാവമനുസരിച്ച് വ്യവസ്ഥകളോടെ പലിശയിൽ പൂർണമായോ ഭാഗികമായോ ഇളവ് ലഭിക്കും. കാലാവധി മാർച്ച് 31 വരെയാണ് പദ്ധതിയുടെ സമയപരിധി. ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

മാരകമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും കുടിശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഇളവുകള്‍ ലഭിക്കും.  ക്യാൻസർ രോഗബാധിതർ, കിഡ്നി സംബന്ധമായ അസുഖം മൂലം ഡയാലിസിസിന് വിധേയരായവർ, ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, പക്ഷാഘാതം മൂലം ശരീരം തളർന്നവർ, എയ്ഡ്സ്, സിറോസിസ്, ക്ഷയം തുടങ്ങിയ രോഗം ബാധിച്ചവർ,  ഇത്തരത്തിലുള്ളവരുടെ ചികിത്സ ഏറ്റെടുത്ത വായ്പക്കാർ, വായ്പയെടുത്ത മാതാപിതാക്കൾ മരിച്ച മക്കൾ മുതലായവർക്ക് പരമാവധി  ഇളവുകളാണ് ലഭ്യമാകുക.

2022 ഏപ്രിൽ 1 മുതൽ കൃത്യമായി തവണ തുകകൾ അടച്ചു വരുന്ന വായ്പക്കാർക്ക് 2022 – 23 സാമ്പത്തിക വർഷം അടച്ച പലിശയിലും ഇളവ് അനുവദിക്കും. കോവിഡ് ബാധിതരായ വായ്പക്കാർക്കും വ്യവസ്ഥകളോടെ ഇളവ് ലഭിക്കും. വായ്പ എടുത്ത്  മരണപ്പെട്ട റിസ്ക് ഫണ്ടിൽ നിന്ന് ആനുകൂല്യത്തിന് അർഹതയില്ലാത്ത വായ്പകളിൽ 50,000 രൂപ വരെ ഇളവു ലഭിക്കും. ഉയർന്ന അധികൃതരുടെ തീരുമാനമനുസരിച്ച് കൂടുതൽ ഇളവു ലഭിക്കാനും സാധ്യതയുണ്ട്. സ്വർണ പണയ വായ്പയ്ക്കും നിക്ഷേപത്തിൻ മേലുള്ള വായ്പകൾക്കും ഈ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല.

പ്രാഥമികസഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വായ്പക്കാർ അതത് ബാങ്ക് ശാഖയുമായി ബന്ധപ്പെടാവുന്നതാണ്. എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും പദ്ധതി പ്രകാരമുള്ള അദാലത്തുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ബാങ്കിന്റെ നിർദ്ദേശമനുസരിച്ച് അദാലത്തിൽ പങ്കെടുത്ത് വായ്പാ തിരിച്ചടവിൽ ഇളവുകളും സ്വന്തമാക്കാന്‍ അവസരമുണ്ട്.