ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ദേശീയപാത, കൊയിലാണ്ടിയില്‍ നിന്നും വടകരയിലേക്ക് ‘ബ്ലോക്കില്ലാതെ’ ഈ വഴികളിലൂടെ പോവാം!


പയ്യോളി: മഴ ശക്തമായതോടെ ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം താറുമാറാകുന്നു. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്ന് തിക്കോടിയിലും പയ്യോളിയിലും അയനിക്കാടും ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് ഒന്നൂകൂടി മുറുകിയിരിക്കുകയാണ്. വാഹനങ്ങള്‍ മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്.

ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത ബ്ലോക്കില്‍ ബസ്സും കാറുകളും ചെറുവാഹനങ്ങളും അകപ്പെട്ടിരുന്നു. വടകരയിലേയ്ക്ക് എത്തുവാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായത്. രാവിലെ ഏകദേശം 7 മണി മിതല്‍ ആരംഭിച്ച ബ്ലോക്കില്‍ ജോലിയ്ക്ക് പോകേണ്ടവരും അത്യാവശ്യത്തിനായി ഇറങ്ങിത്തിരിച്ചവരും ബദല്‍മാര്‍ഗം കണ്ടെത്താതെ ബ്ലോക്കില്‍ സ്തംഭിച്ചിരിക്കുകയാണ്.

കൊയിലാണ്ടിയില്‍ നിന്നും ചെറുവാഹനങ്ങളും ദീര്‍ഘദൂരയാത്രക്കാരും ബ്ലോക്കില്‍ നിന്നും രക്ഷപ്പെടുവാന്‍ ഈ വഴികള്‍ ഉപയോഗപ്പെടുത്താം

കൊയിലാണ്ടിയില്‍ നിന്നും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഈ വഴികളിലൂടെ വടകരയിലെത്താം..

1 ദീര്‍ഘദൂര ചരക്ക് വണ്ടികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ നിന്നും മുത്താമ്പി-അരിക്കുളം വഴി പേരാമ്പ്രയിലൂടെ വടകരയിലേയ്ക്ക് എത്താം.

2 കൊയിലാണ്ടിയില്‍ നിന്നും കൊല്ലം- നെല്ല്യാടി മേപ്പയ്യൂര്‍ വഴി ചെറുവണ്ണൂര്‍ ചാനിയംകടവ് വഴിയും വടകരയിലേയ്ക്ക് എത്താവുന്നതാണ്.

കൊയിലാണ്ടിയില്‍ നിന്നും ചെറുവാഹനങ്ങള്‍ക്ക് വടകരയിലെത്താന്‍ ഈ വഴികള്‍ ഉപയോഗപ്പെടുത്താം

കാറുകളും ബൈക്കുകളും പിക്കപ്പ് വാഹനങ്ങള്‍ക്കും മറ്റും ഉള്‍പ്പെടുന്ന ചെറുവാഹനയാത്രക്കാര്‍ക്ക് നന്തി ഓവര്‍ഡ്രിഡ്ജില്‍ ഇറങ്ങി വലത്തോട്ട് തിരിഞ്ഞ് നന്തി-പള്ളിക്കര -കീഴൂര്‍ വഴി മണിയൂര്‍ അട്ടക്കുണ്ട് പാലം കടന്ന് വടകരയിലെത്താം. തിരിച്ച് കൊയിലാണ്ടിയിലേയ്ക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാം.


നന്തിയില്‍ പുതിയ സര്‍വ്വീസ് റോഡ് ആരംഭിക്കുന്നിടത്ത് കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതിനാല്‍ വലിയ ഗതാഗതക്കുരുക്ക് ഇവിടങ്ങില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ എട്ട് മണിക്കൂര്‍ റോഡ് അടച്ചിട്ട് പണികള്‍ ആരംഭിച്ചിരുന്നെങ്കിലും ഇന്നലെയും ഇന്നുമായി പെയ്ത മഴയില്‍ വലിയ വെള്ളക്കെട്ട് വീണ്ടും രൂപപ്പെട്ടിട്ടുണ്ട്. പയ്യോളി കോടതിയ്ക്ക് സമീപവും പെരുമാള്‍പുരത്ത് റോഡിലും കുഴികള്‍ രൂപപ്പെട്ടും വെള്ളക്കെട്ടിനാല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അതോടൊപ്പം പയ്യോളി ടൗണിലും ഇന്നും വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഉണ്ടായ ഗാതഗതക്കുരുക്കിനേക്കാളും വാഹനങ്ങള്‍ ഇഴഞ്ഞുപോകേണ്ട അവസ്ഥയും ബസ്സുകള്‍ സ്റ്റാന്‍ഡില്‍ നിന്നും ട്രിപ്പ് ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുണ്ടായ ഗതാഗതക്കുരുക്കില്‍ അനുഭവപ്പെട്ടത്.