കോഴിക്കോട് ബീച്ചിലെ ​ഗാനമേളക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞു; 24 വര്‍ഷങ്ങൾക്ക് ശേഷം ബേപ്പൂർ സ്വദേശി പിടിയിൽ


കോഴിക്കോട്: ബീച്ചിൽ നടന്ന മലബാര്‍ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ ബേപ്പൂർ സ്വദേശി പിടിയിൽ. സംഭവം നടന്ന് 24 വര്‍ഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

1999 ഫെബ്രുവരി ഏഴിന് നടന്ന ​ഗാനമേളക്കിടെ ​ഗായകരെ കല്ലെറിയുകയായിരുന്നു. നഴ്സസ് ഹോസ്റ്റലിന് മുന്‍വശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടയാളായിരുന്നു അസീസെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ​ഗായകർക്ക് നേരെയുള്ള കല്ലേറിനൊപ്പം അന്നേ​ദിവസം ഒരു പോലീസുകാരന്റെ വയര്‍ലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.

മാത്തോട്ടത്തുനിന്ന് അസീസ് മലപ്പുറം ജില്ലയിലേക്ക് താമസം മാറിയിരുന്നു. മാത്തോട്ടത്തെ ഒരു പരിസരവാസി നല്‍കിയസൂചനയനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം ശക്തമാക്കിയത്. മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് അസീസിനെ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥന്‍. കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്ലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്‌കുമാര്‍, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവർ പങ്കെടുത്തു.

Summary: Yesudas and Chitra were pelted with stones during the song festival at Kozhikode beach; Beypur native arrested after 24 years