ഗള്‍ഫില്‍ നിന്ന് ഓര്‍ത്തെടുത്ത കൊയിലാണ്ടിയുടെ യെമന്‍ ചരിത്രം | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു
പയ്യനാട് രാജാക്കന്മാർ ഭരിച്ച പയേ ‘പയ്യനാട്ടിൽ’ പ്രമാണിമാരെ ആദര സൂചകമായി വിളിച്ചിരുന്ന ‘കോയിൽ’ എന്നതും അളന്നു വെച്ച ഭാഗത്തെ പറയുന്ന ‘കണ്ടി’ എന്നതും കൂട്ടി വിളിച്ച നാടായ കൊയിലാണ്ടിക്കാരുടെ ദുബായ്ലെ റൂമിലായിരുന്നു ഞങ്ങളുടെ അന്നത്തെ സന്ദർശനം.
സലാം ചൊല്ലി കേറിയ ഞങ്ങളെ വെൽക്കം ചെയ്തത്, സുഗന്ധം പരത്തുന്ന പശമരമായ കുന്തിരിക്കത്തിൻ്റെ നാട്ടിൽ നിന്നും വന്ന യമനികളെ ഓർമ്മിപ്പിക്കുന്ന വെള്ള നിസ്കാര തൊപ്പിയും കള്ളി ലുങ്കിയും കയ്യുള്ള ബനിയനുമിട്ട “തങ്ങന്മാരിലൊരുവന്‍” എന്ന് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ചെറുപുഞ്ചിരിയോടെ അയാള്‍ ഞങ്ങളെ സ്വീകരിച്ചു.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
പേര് ‘ഹാഷിം’ എന്നാണെന്ന് തോന്നുന്നു. അയാളുടെ ഈ വേഷവും പേരും പിന്നെ സ്ഥലം കൊയിലാണ്ടിയും ആണെന്ന് അറിയുകയും ചെയ്തപ്പോള്‍ പെട്ടെന്ന് ഞാന്‍ ആലോചിച്ചത് ഇയാള്‍ കൊയിലാണ്ടിയിലെ തങ്ങള്‍ പരമ്പരയിലെ കണ്ണിയായിരിക്കുമെന്നാണ്. യമനില്‍ നിന്ന് കച്ചവടത്തിനും മതപ്രബോധനത്തിനുമായ് എത്തി, ഇവിടുന്ന് തന്നെ കല്ല്യാണവും കഴിച്ച്, ഇവിടെ സെറ്റിൽ ചെയ്തവരാണ് അഹ്ലുബൈത്തിൽ പെട്ട കൊയിലാണ്ടിക്കാരായ തങ്ങന്മാര്‍.
‘തങ്ങൾ’ എന്നാൽ ചെറിയൊരു തെറ്റിദ്ധാരണക്കും വകയുണ്ട്. തച്ചോളി ഒതേനൻ്റെ അച്ഛൻ ചീനംവീട്ടിൽ തങ്ങൾ, കോവിലകത്ത് കുഞ്ഞിരാമൻ തങ്ങൾ, പുതിയേടത്ത് ഇല്ലത്ത് കൃഷ്ണൻ തങ്ങൾ, ഇങ്ങിനെ അമുസ്ലിംങ്ങളായ ഒരുപാടു തങ്ങമ്മാരും ഇവിടെയുണ്ടായിരുന്നു. അതെങ്ങനെ എന്നല്ലേ…
തങ്ങൾ എന്ന പ്രയോഗം അന്നത്തെ നാട്ടുനടപ്പു പ്രകാരം ആദര സൂചകമായി ചാർത്തുന്നതാണു്. കേരളക്കാരാണ് സയ്യിദുമാരുടെ പേരിനൊപ്പം മേപ്പടി ആദരവിൻ്റെ പതക്കമായ ‘തങ്ങൾ’ കൂട്ടിചേർത്തു വിളിച്ചത്. ശരിക്കുള്ള ഐഡന്റിറ്റി ‘സയ്യിദ്’ എന്നാണ്.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
എന്നാൽ പാണക്കാട്ടു കൂടുംബവും ബാഫക്കി കുടുംബവും യമനിൽ വേരുകളുള്ള, അഹ്ലുബൈത്തിൽ പെട്ട സയ്യിദുമാർ തന്നെയാണ്. യമനീ പിൻതുടർച്ചയെന്നോണം ഇവിടെ അവശേഷിച്ച യമനിയ്യ പേരുകളും തറവാടുകളും
ശീലങ്ങളും നമുക്കൊന്ന് പരിശോധിക്കാം.
കൊയിലാണ്ടിയിലെ ഒരു പുരാതന തറവാടായ ഹാജിയാരകം. ഹിജ്റ 104-ൽ നിർമ്മിച്ചതാണെന്നും അതിന് 1300 വർഷം പഴക്കം പറയുന്ന ചില അറബ് ലിഖിത രേഖകൾ കണ്ടെത്തിയിട്ടുണ്ട് എന്നത് അറബികളുമായുള്ള കൊയിലാണ്ടിയുടെ പ്രാചീന ബന്ധത്തിന്റെ പഴക്കത്തെയാണ് സൂചിപ്പിക്കുന്നത്.
1797-ൽ യമനിൽ നിന്നും വന്ന ബിസിനസ്സ് ഗോത്രത്തിൽ പെട്ട ആദ്യത്തെ ബറാമിയായ അലി ബറാമി പതിനേഴാമത്തെ വയസ്സിലാണ് ഇവിടെയെത്തിയത്. കൊയിലാണ്ടിയിലെ ’അംബാന്റകത്ത്’ എന്ന പ്രമുഖ തറവാട്ടിൽ നിന്നും വിവാഹം കഴിച്ച അലി ബറാമി ഏറെക്കാലം ഇവിടെ തന്നെ വ്യാപാരം ചെയ്യുകയും ചെയ്തു. കുറ്റിച്ചിറയിലെ തെക്കേപ്പുറത്തുള്ള കണ്ണിൽക്കൊള്ളാത്ത വലുപ്പത്തിൽ പണി തീർത്ത ബറാമി മാളിക മാതൃകയിലുള്ള അലി-ബറാമിയുടെ ആദ്യത്തെ ബറാമി ഭവനം പണിതത് പന്തലായനി എന്ന കൊയിലാണ്ടിയിൽ തന്നെയായിരുന്നു. പിൽക്കാലത്ത് ബേപ്പൂരിന് ഉരുവിന്റെ പെരുമ സമ്മാനിച്ചതും യമനിൽ നിന്നും വന്ന ഈ ബറാമികളാണ്..
ഹസ്രത്ത് അലിയുടെ സന്താന പരമ്പരയിൽപ്പെട്ട ബാഫക്കികൾ കൊയിലാണ്ടിയിൽ വന്നിട്ട് ഇരുന്നൂറ് വർഷത്തിലേറെയായി. ഇവിടുന്ന് കല്ല്യാണം കഴിച്ചു. കൊയിലാണ്ടിയുടെ മണ്ണിൽ തന്നെ നിലയുറപ്പിച്ചു.
കൊയിലാണ്ടിയില്‍ നിന്ന് കേരള രാഷ്ട്രീയത്തിന്‍റെ അമരത്തെത്തിയ ഖായിദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മകൾ ഫാത്തിമയെ വിവാഹം കഴിച്ചത് പ്രവാചകൻ മുഹമ്മദ് നബിയുടെ മകൾ ഫാത്വിമയുടെ പരമ്പരയിലെ നാല്പതാമത്തെ കണ്ണിയിൽ പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്.
നമുക്ക് ഗൾഫ് കിസ്സയിലേക്ക് തന്നെ മടങ്ങാം. ഇങ്ങനെയൊക്കെ പ്രബലമായ പാരമ്പര്യം ഒളിഞ്ഞിരിക്കുന്ന കൊയിലാണ്ടിയെക്കുറിച്ച് ഇതിൽ കൂടുതൽ പറയുവാനുണ്ടായിട്ടും. കൊയാലാണ്ടിക്കാരുടെ റൂമിൽ അന്ന് ഞങ്ങൾ കേട്ട കഥകൾ ഒരു മാതിരി. കുട്ടൂസയുടേയും.. ബാലന്റേയും… മൊയ്തീൻ കോയയുടേയും… വീരപഴശ്ശി കഥകൾ പോൽ.. അനന്തമായി നീണ്ടു പോയ അന്ത്യം കാണാത്ത അടിയുടേയും… കത്തി കുത്തിന്റെയും… കിസ്സകൾ മാത്രമായിരുന്നു…