കലയെ വിലക്കുന്നവര്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടി; മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ത്രസിപ്പിക്കുന്ന ഏകാഭിനയ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും എ ഗ്രേഡും (വീഡിയോ കാണാം)


കോഴിക്കോട്: കലയെ വിലക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടിയുടെ ഏകാഭിനയ പ്രകടനം. അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വാശിയേറിയ മത്സരത്തില്‍ മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൗമുദി കളരിക്കണ്ടി എ ഗ്രേഡ് കരസ്ഥമാക്കിയത്.

ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ മത പൗരോഹിത്യത്തിന്റെ വിവേചനവും വിലക്കും നേരിട്ട മന്‍സിയയെന്ന മുസ്ലിം പെണ്‍കുട്ടിയുടെ നൊമ്പരങ്ങള്‍ കലോല്‍സവ വേദിയിലാവിഷ്‌കരിച്ച് കൗമുദി വര്‍ഗീയതക്കെതിരെ ഒരേ സ്വരത്തില്‍ വിമര്‍ശനമുയര്‍ത്തി.

അമ്മ അര്‍ബുദം ബാധിച്ച് മരിച്ച സന്ദര്‍ഭത്തില്‍ ഖബറടക്കത്തിന് പോലും മന്‍സിയക്കും കുടുംബത്തിനും വിലക്ക് നേരിട്ടിരുന്നു. അഹിന്ദുവാണെന്ന് പറഞ്ഞ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പരിപാടിയില്‍ നിന്നും മന്‍സിയ ഒഴിവാക്കപ്പെട്ടിരുന്നു.
കലയും കലാകാരന്‍മാരും മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന മത പൗരോഹിത്യ വാഴ്ചക്കെതിരെ ഉയരുന്ന പുതിയ തലമുറയുടെ ഉള്ളുറപ്പുള്ള ശബ്ദമായി കൗമുദിയുടെ കലോല്‍സവ വേദിയിലെ വേറിട്ട പ്രകടനം.

സംസ്ഥാന സ്‌കൂള്‍ . കലോത്സവത്തില്‍ ഏകാഭിനയത്തില്‍ രണ്ടു തവണ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലോല്‍സവത്തിലും ഏകാഭിനയത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. മേലടി സബ് ജില്ലാ കലോല്‍സവത്തില്‍ നാടക മല്‍സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ഡ്രാമ ആര്‍ട്ടിസ്റ്റ് സൊസൈറ്റി നടത്തിയ സംസ്ഥാന തല ഏകാപാത്ര നാടക മത്സരത്തില്‍ മികച്ച നടിയായി. ബിമല്‍ സ്മരണ സംസ്ഥാന തല ഏക പാത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം. ഉജ്വലം ഉണ്ണി സംസ്ഥാന തല ഏകാഭിനയ മത്സരത്തില്‍ 25000 രൂപ കാഷ് പ്രൈസോട് കൂടി ഒന്നാം സ്ഥാനം ലഭിച്ചു. പ്രസംഗകലയിലും മിടുക്കിയാണ് കൗമുദി.

അതേസമയം കലോത്സവ നഗരിയെ കരഘോഷംകൊണ്ട് കുളിരണിയിച്ച കലാകാരി കൗമുതി കളരിക്കണ്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ചു. ഭാവിയില്‍ ഒരു ടീച്ചറായി മാറണമെന്നാണ് എന്റെ ആഗ്രഹം എന്നാല്‍ എന്ത് ജോലി ചെയ്യുകയാണെങ്കിലും അതോടൊപ്പം കലയെയും കൂടെ കൊണ്ടുപോകണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. സിനിമ വലിയൊരു സ്വപ്‌നമാണ്. അഭിനയ രംഗത്ത് എത്തുന്ന ഏതൊരാളുടെയും ഏറ്റവും വലിയ മോഹം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണം എന്നതായിരിക്കും. എനിക്കും അങ്ങനെതന്നെയാണ്.

കലോത്സവത്തിലെ പ്രകടനത്തിനുശേഷം നിരവധിപേര്‍ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങള്‍ അറിയിച്ചു. കൂടെ നിന്ന് ഫോട്ടോ എടുക്കുകയും എല്ലാം ചെയ്തു. അതൊക്കെ വലിയ സന്തോഷവും അതോടൊപ്പം പുതിയ അനുഭവവുമായി. എന്നാല്‍ ചുരുക്കം ചിലരില്‍ നിന്നും തിരഞ്ഞെടുത്ത വിഷയത്തിന്റെ പേരില്‍ വിമര്‍ശനമേല്‍ക്കേണ്ടതായും വന്നു. വീട്ടുകാര്‍ക്കുപോലും മോശം മെസ്സേജുകള്‍ വന്നിരുന്നതായും പറഞ്ഞു.

വീഡിയോ കാണാം:

വീഡിയോയ്ക്ക് കടപ്പാട്: മീഡിയ വൺ ടി.വി