ഉമ്മറാക്കക്കു വേണ്ടി ബീടർ ഉമ്മുകുത്സുവിനു ഞാനെഴുതിയ കത്തുകൾ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു



യാക്കൂബ് രചന

ഹ്‌റൈനിലുള്ളോരെഴുത്തുപ്പെട്ടി
എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്…
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്…’

കത്തു പാട്ടുകളുടെ ആരംഭകാലം. ചരള്‍ നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ മഷി പുരണ്ട കൈപ്പടവാലെ സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കുത്തി നിറച്ച കത്തുകളുമായ് വിരഹിണികളായ ഗള്‍ഫുകാരന്റെ ഭാര്യമാരെ തേടിയെത്തുന്ന അന്നത്തെ തപാല്‍ ശിപായിയെ ഗള്‍ഫുകാര്‍ കാണുന്നത് സ്വര്‍ഗ്ഗലോകത്തു നിന്നും താഴ്ന്നിറങ്ങിയ മാലാഖമാരുടെ കൂട്ടത്തിലാണ്. ഈ ഗള്‍ഫു ദമ്പതികളുടെ വിവര കൈമാറ്റത്തിന്റെ ഏക മാര്‍ഗ്ഗമായ കത്തുകളുടെ കാലമായിരുന്നു അത്.

ഇന്നു സൈക്കിളില്‍ വരുന്ന തപാല്‍ശിപായിയെ കാണുന്നത് തന്നെ പേടിയാണ്. (അവരുടെ കുഴപ്പമല്ല…കാലത്തിന്റെ മാറ്റം).
ഇന്ന് അവര്‍ കയ്യിലേന്തി വരുന്നത് ഒന്നുകില്‍ ഡൈവോര്‍സ് നോട്ടീസ്, അല്ലെങ്കില്‍ ഇന്‍കംടക്‌സ് നോട്ടീസ്, അതുമല്ലെങ്കില്‍ ഭാരിച്ച
ഏതെങ്കിലും ബില്ലുകളോ അലോസരപ്പെടുത്തുന്നമറ്റെന്തെങ്കിലുമോ ആയിരിക്കും. അക്കരെ ഇക്കരെ നില്‍ക്കുന്ന
ഗള്‍ഫ് ദമ്പതികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏക പാലമായിരുന്നു അന്നത്തെ കത്തുകള്‍.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ഉമ്മറാക്കയിലേക്ക് വരാം, അറബിക്കടലും കനോലി കനാലും സംഗമിക്കുന്ന മണപ്പുറത്തിന്റെ വടക്കുള്ള നദികളും കായലും തോടുകളും നിറഞ്ഞ ചേറ്റുവാ തീരത്തു നിന്നുമാണ് ഉമ്മറാക്ക ബഹ്‌റൈനില്‍ എത്തുന്നത്.

ഞാന്‍ ബഹ്‌റൈനിലൊരുബാങ്കില്‍ ജോലി ചെയ്യുന്ന കാലം. അതിനടുത്ത ഗല്ലിയിലുള്ള ഗ്രോസറി ഉടമയായ ഈ ചേറ്റുവക്കാരന്‍ ഉമ്മറാക്കയുമായി നല്ലൊരു ബന്ധം വാര്‍ത്തിരുന്നു. ഉമ്മറാക്ക നാല്‍പതഞ്ചു കഴിഞ്ഞും ഞാനാണെങ്കില്‍ അതിന്റെ പകുതിയിലും.

എന്നാലും ഉമ്മറാക്ക എന്നെ കണ്ടിരുന്നത് തുല്യ പ്രായക്കാരനായിട്ടാണ്. അടുപ്പം കൊണ്ടു് എല്ലാ കാര്യങ്ങളും ഫാമിലി മാറ്റര്‍ വരെ
എന്നോട് തുറന്നു പറയും.

ഉമ്മറാക്കക്ക് എഴുത്തും വായനയും വശമില്ല. ചിലതൈാക്ക പ്രയാസപ്പെട്ടു വ്യക്തതയില്ലാതെ വായിക്കും എന്നല്ലാതെ. ഞാനുമായി അടുത്തതിന് ശേഷം ആ ന്യൂനത നികത്തല്‍ എന്റെഒരു ഡ്യൂട്ടിയായി ഉമ്മറാക്കഎനിക്കു ചാര്‍ത്തി തന്നിരുന്നു.

ഒരിക്കല്‍ ബാങ്കിലെ ജോലി കഴിഞ്ഞ് റൂമിലേക്ക് പോകുന്നതിനിടയില്‍ കടയില്‍ കയറി ഒരു സലാം പറഞ്ഞ എന്നോട് ഉമ്മറാക്ക മേശപ്പുറത്തിരുന്ന ഒരു കത്തെടുത്ത് പൊളിച്ച് തന്ന് വായിക്കാന്‍ പറഞ്ഞു. അതൊരു തുടക്കമായിരുന്നു. കത്തു വായനയുടേയും എഴുത്തിന്റേയും.

അല്‍പം ജ്യാള്യതയോടെ ആണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ‘ഉമ്മുകുത്സു’ എഴുതിയ കത്ത് ഞാന്‍ വാങ്ങി വായിച്ചു തുടങ്ങി. വായിക്കാന്‍ ഒട്ടും എളുപ്പമല്ലാത്തത്ര അക്ഷരത്തെറ്റുകളുടെ ഒരു കുത്തൊഴുക്ക് തന്നെ.

കത്തില്‍ ഒരൊറ്റ കുത്തും ഇല്ല. പകരം ‘കുത്ത്’ എന്നൊരുവാക്കോടെയാണ് എഴുത്ത്അവസാനിക്കുന്നത്. പിന്നെ വള്ളിയും പുള്ളിയും
ഒട്ടും ഇല്ലാത്ത എഴുത്തിലെ വാക്കുകളിലെ അക്ഷരങ്ങള്‍തെറ്റിയും അര്‍ത്ഥം തന്നെ മാറിയും കിടക്കുന്ന മൊത്തം വാക്കുകള്‍ പെറുക്കി എടുത്ത് കൂട്ടി യോജിപ്പിച്ച് ഒരു പരുവത്തില്‍ ഞാന്‍ വായിച്ചു തുടങ്ങി.

‘ഞാനൊന്ന് ചോദിക്കുന്നൂ,
ഈ കോലത്തില്‍ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും തമ്മില്‍ കണ്ടുകൊണ്ട് നമ്മള്‍
രണ്ടുമൊരു പാത്രത്തിലുണ്ണാമല്ലോ,
ഒരു പായ വിരിച്ചൊന്നിച്ചുറങ്ങാമല്ലോ..’

അന്ന് ഇതുപോലുള്ള കത്തുകളാണ്. അങ്ങിനെയൊക്കെ എഴുതണമെങ്കിലും ചുരുങ്ങിയത് ഉമ്മുകുത്സുവിനും എഴുത്തും വായനയും നേരാംവണ്ണം അറിയേണ്ടേ?

ഉമ്മുകുത്സുവിന്റെ കത്തിന്റെതുടക്കം ഇങ്ങനെ.

‘പ്രായമുള ചന്ത മാപാള ആരായാന്‍’

ഇതെന്തു കത്താണപ്പാ പ്രായ മുളയോ..?

അത്രക്കൊന്നും പ്രായം ഹാജിക്ക് ഇല്ലാത്തതുകൊണ്ട് അത്, ‘പ്രിയമുള്ള സ്വന്തം മാപ്പിളഅറിയാന്‍’ എന്ന് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് ഉമ്മറാക്കക്കു വായിച്ചു കേള്‍പ്പിച്ചു.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


‘നിങ്ങ പറഞ്ഞ പോലെ കാസിമിന്റെ കുണ്ടിക്ക് ഞാനൊരു
ഉമ്മ കൊടുത്തു’

ഹേ….? ? ?

‘ട്ടി ‘ എന്ന അക്ഷരം ഉമ്മു കുല്‍ത്സുവിനു അറിയില്ലായിരുന്നു. ട, ട്ട ക്ക് ഒക്കെ പകരം ‘ണ്ട, ണ്ടി’ എന്ന അക്ഷരമാണ് പൊതുപ്രയോഗം. ‘ണ്ട’ തിരുത്തി ‘ട്ട’ ആക്കി. കുട്ടിക്ക് എന്ന് മാറ്റി വായിച്ചു കേള്‍പ്പിച്ചു. അങ്ങിനെ പോകുന്നു എഴുത്തിന്റെ പെരുക്ക്.

ഒരു പിടിയും കിട്ടാത്ത പിന്നെയുള്ള വരികള്‍ വായിച്ച് ഞാന്‍ ഉമ്മറാക്കയുടെ മുഖത്തേക്കൊന്നു നോക്കി പോയി. അതിങ്ങനെ:

‘നിങ്ങ ഏത്തരംപൊട്ടന്
ആനുസാന്റ കെടം വാട്ടണം.’

ഞാന്‍ തോറ്റു, ഒരു പിടിയും കിട്ടുന്നില്ല. അതു കണ്ട് ഹാജി എന്റെ മുഖത്തേക്ക് ഒന്നു നോക്കി എന്നോട് പറഞ്ഞു:

‘അതു മറ്റൊന്നുമല്ല. നാട്ടിലുള്ള അനുജന്‍ അസീസിന്റെ വീട്ടുപണി നടക്കുന്നുണ്ട്. ഓന് പൈസേടെ തിടുക്കം കാണും. അതു കൊണ്ടു എത്രേം പെട്ടെന്ന് ഓന് കൊടുക്കാനുള്ള
കടം വീട്ടണം എന്നാണു”

അത ശരി, ഈ’കടം വീട്ടണം’ എന്നതിനാണോ. ‘കെടം വാട്ടണം’ എന്നെഴുതി വെച്ചിരിക്കുന്നത്?


READ ALSO: പല്ലുവേദനയുമായി എത്തിയ നാരായണനെ ചേലാകര്‍മ്മം ചെയ്ത് വിട്ട ഈജിപ്ഷ്യന്‍ ഡോക്ടര്‍, ലിപ്റ്റണ്‍ ടീ ബാഗ് കൊണ്ടുള്ള സീനിയര്‍ പ്രവാസിയുടെ റാഗിങ്; ഗള്‍ഫ് ജീവിതത്തിലെ രസകരമായ അനുഭവങ്ങളുടെ കെട്ടഴിക്കുന്നു സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ നന്തിക്കാരന്‍ യാക്കൂബ് രചന


ആഗസ്റ്റ് മാസത്തിലെ ഈ പൊരിഞ്ഞ ചൂടില്‍ ഏസിയുടെ തണുപ്പ് ഏറ്റിട്ടും ഉമ്മറാക്കക്ക്
വിയര്‍ക്കുന്നുണ്ടായിരുന്നു. കത്തിലെ കൂട്ടലും കിഴിക്കലുമായ് വായന ഞാന്‍ തുടര്‍ന്നു.

‘കുളിരു കോരിച്ചൊരിയുന്നമഴയാണ് ഇവിടെ, പാടങ്ങളും കുളങ്ങളും നിറഞ്ഞു കവിഞ്ഞു. നമ്മളെ മോന്‍ സല്‍മാന്‍, ഓന്റെചങ്ങായിമാരുമൊത്ത് പൊയേല് ചൂണ്ടയിടാന്‍ പോയിട്ട്
തിരിച്ചെത്തേണ്ട സമയൊക്കെ കഴിഞ്ഞ്. ഇരുട്ടിതൊടങ്ങി. ഇന്നലെ ഓന്റെ കൂടെ പോയോന്‍ ഒഴുക്കില്‍പ്പെടാതെ ഭാഗ്യത്തിനു രക്ഷപ്പെട്ടതാണെന്നും ഓന്‍ പറേണതു കേട്ടിരുന്നു. പാവ്വണ്ടാന്ന് പറഞ്ഞാല്‍ ഓന്‍ കേക്കേണ്ടേ.

ഇവിടിപ്പം നല്ല ഇടീം മിന്നലുംകാറ്റുമാ കര്‍ന്റും പോയി. ഇലക്ട്രിക് ലൈന്‍ ഏടൊക്കെയോ.. പൊട്ടിവീണുള്ള അപകടങ്ങളും കേക്കുന്നുണ്ട്.’

ആ കത്ത് അങ്ങിനെ ഉമ്മറാക്കക്ക് ഉമ്മുവിന്റെ ഒരു ഉമ്മയോടെ ഒരു ‘കുത്ത് ‘ എന്നെഴുതി നിര്‍ത്തി.

ഇനി സല്‍മാന്‍ അപകടംപറ്റാതെ തിരിച്ച് വീട്ടിലെത്തിയോ എന്നറിയാന്‍ മറുപടിയുടെ മറുപടി വരെ ടെന്‍ഷനടിച്ചു ഉമ്മറാക്ക കാത്തിരിക്കണം.


.‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


എഴുതാനറിയില്ലെങ്കിലും ഉമ്മറാക്ക ആളൊരു റൊമാന്റിക്കാണെന്ന് എനിക്കറിയാം !

ഞാന്‍ ഉമ്മറാക്കയുടെ ഉമ്മുകുത്സുവിനുള്ള മറുപടിയില്‍ കാല്‍പനിക ഇഷ്‌ക്കിനൊപ്പം എനിക്കറിയാവുന്ന സാഹിത്യത്തില്‍ നാടന്‍ ചേറ്റുവയും ചേരുവയും ചേര്‍ത്ത് ഉമ്മറാക്കയുടെ സ്ലാംഗില്‍ തന്നെയുള്ള ഡയലോഗ് പരുവത്തിലാക്കി എനിക്കാവുന്നത്ര തകര്‍ത്താണ് ഞാന്‍ എഴുതാറ്. എഴുതിക്കഴിഞ്ഞാല്‍ ഒരുവട്ടം ഉമ്മറക്കാനെ അതു വായിച്ച് കേള്‍പ്പിക്കും. അതു കേട്ട് ഉമ്മറാക്ക ഒന്നുരോമാഞ്ച കിഞ്ചിതനാവും.

‘ബഹ്‌റൈനിലുള്ളോ
രെഴുത്തുപ്പെട്ടീ
അതു തുറന്നപ്പോ
നിന്റെ കത്തുകിട്ടീ…
എന്‍ പ്രിയ നീ നിന്റെ
ഹൃദയം പൊട്ടിയെഴുതിയ
കത്തൂ.. ഞാന്‍ കണ്ടൂ ഞെട്ടി’

അങ്ങിനെ ചിലത്ഇടയ്‌ക്കൊക്കെ കൂട്ടിച്ചേര്‍ത്ത് മറുപടി ഞാനൊന്നു കൊഴുപ്പിക്കും. അന്നത്തെ കത്തുകളുടെ ഒരു ട്രന്റിന്റെ ഭാഗമായിരുന്നുഅതെല്ലാം.

എന്നോടുള്ള വിശ്വാസം കാരണം പിന്നെ പിന്നെ എഴുതേണ്ടമെയിന്‍ പായിന്റേ ഉമ്മറാക്ക പറയൂ, ബാക്കി എന്റെ പണിയാണ്. അപ്പോഴത്തെ ഓരോ കത്തും ഉമ്മുവിന്റേയും ഉമ്മറാക്കാന്റെയും ഹൃദയങ്ങള്‍ തമ്മില്‍ബന്ധിപ്പിക്കുന്ന പാലത്തിന് ശക്തി കൂട്ടുന്നതായിരുന്നു. ആ കത്തിനൊക്കെയുള്ളഉമ്മുവിന്റെ മറുപടി കണ്ട് ഒരിക്കല്‍ ഉമ്മറാക്ക തന്നെഎന്നോട് പറഞ്ഞിട്ടുണ്ട്, ‘നീ എഴുതിത്തരാന്‍ തുടങ്ങിയതോടെ ഉമ്മുവിന് എന്നോടൊത്തിരി സ്‌നേഹം കൂടിയിട്ടുണ്ട്.
കല്യാണം പോലും കഴിക്കാത്ത നീയൊരു കുടുംബനാഥന്റെ പക്വതയിലാണ് എഴുതുന്നത് …’ എന്ന്.

യാക്കൂബ് രചന എഴുതിയ ഈ കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക 

അതൊരു വെറും വാക്കായിട്ടല്ല ഞാനെടുത്തത്. ഉമ്മറാക്ക തന്നൊരു അവാര്‍ഡായിട്ടാണ്. ഈ ചേറ്റുവക്കാരനു വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുത്സുവിന് ഞാനെഴുതിയ കത്തുകളായിരുന്നു എന്റെ എഴുത്തിന്റെ തുടക്കവും പ്രചോദനവും.

1979-80കളില്‍ ചേറ്റുവാക്കാരന്‍ ഉമ്മറാക്കാക്ക് വേണ്ടി. ഞാന്‍ ജീവിതത്തില്‍ കാണാത്ത, ഉമ്മറാക്കയുടെ വീടര്‍ ഉമ്മുകുത്സുവിനെഴുതിയ കത്തുകളില്‍ ഒരു കത്തിലെ ചെറിയൊരു ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് മാത്രമാണിത്. ബാക്കി കൂടി എഴുതി അവരുടെ സ്വകാര്യത വെളിപ്പെടുത്താന്‍ ഉദ്ദേശിക്കാത്തതു കൊണ്ട് ഇവിടെ വെച്ചു നിര്‍ത്തുന്നു കുത്ത്.