മുപ്പത്തിയഞ്ചു വര്‍ഷത്തിന് ശേഷം സൗഹൃദം പുതുക്കി പെണ്‍കൂട്ടായ്മ; കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച ‘ചങ്ങാതിക്കൂട്ട’ത്തിലെ സ്ത്രീകള്‍ ഒത്തുകൂടി
കൊയിലാണ്ടി: സ്‌കൂള്‍ പഠനകാലത്തിന് ശേഷം അവരെല്ലാവരും പലവഴിക്കായി ചിതറിപ്പോയിരുന്നു. ഒടുവില്‍ മുപ്പത്തിയഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും ഒത്തുകൂടി. കൊല്ലത്തും പരിസരങ്ങളിലുമായി ഒന്നിച്ച് പഠിച്ച് കളിച്ചു വളര്‍ന്ന സ്ത്രീകളാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്.
ചങ്ങാതിക്കൂട്ടം എന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു ഒത്തുചേരല്‍. കൊല്ലം ഇസ്ലാമിയ മദ്രസ, കൊല്ലം മാപ്പിള എല്‍.പി സ്‌കൂള്‍, കൊല്ലം യു.പി സ്‌കൂള്‍, കൊയിലാണ്ടി ഗേള്‍സ് ഹൈ സ്‌കൂള്‍ എന്നിവിടങ്ങളിലായി പഠിച്ച കൊല്ലത്തെ വനിതകളാണ് വീണ്ടും കണ്ടുമുട്ടിയത്.
പരസ്പരം ആലിംഗനം ചെയ്തും ആദ്യകൂടിക്കാഴ്ചയുടെ മധുരം പങ്കുവച്ചും അവര്‍ ഒത്തുകൂടല്‍ ആഘോഷമാക്കി. ഇസ്ലാമിയ മദ്രസ മുന്‍ അധ്യാപകനും കൊല്ലം മാപ്പിള എല്‍.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനുമായ അബ്ദുള്‍ ഖാദര്‍ ഉസ്താദിനെ കൂട്ടായ്മ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പഴയ വിദ്യാര്‍ത്ഥിനികളായി മാറിയ അവര്‍ ഉസ്താദിനൊപ്പം ക്ലാസ് മുറിയിലെ ഓര്‍മ്മകള്‍ പങ്കുവച്ചു.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന തീരുമാനവുമായാണ് കൂട്ടായ്മ പിരിഞ്ഞത്.