പ്രേതമാണോ, അതോ ഫോട്ടോഷോപ്പോ? കണ്ണൂരില്‍ എ.ഐ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലെ അജ്ഞാത സ്ത്രീയുടെ രഹസ്യം തേടി സോഷ്യല്‍ മീഡിയ


കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയടക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം കണ്ടത് കൗതുകമാകുന്നു. മാത്രമല്ല കാറിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് ചലാനില്‍ ഇങ്ങനെയൊരു ചിത്രം ലഭിച്ചത്. പയ്യന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവര്‍ക്ക് പിന്‍സീറ്റിലായി മറ്റൊരു സ്ത്രീയുടെ രൂപം കൂടി തെളിഞ്ഞത്.

ചെറുവത്തൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ കേളോത്ത് വെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടി വീഴുന്നത്. വാഹനത്തില്‍ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിന്‍സീറ്റില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കുട്ടികളെ കാണാനില്ല. പകരം പിന്‍സീറ്റില്‍ മറ്റൊരു സ്ത്രീ ഇരിക്കുന്നതായാണ് കാണുന്നത്.

ചിത്രത്തില്‍ എങ്ങനെ സ്ത്രീരൂപം കയറിക്കൂടി എന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുന്‍ സീറ്റിലിരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എ.ഐ ക്യാമറ പകര്‍ത്തിയ മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവ് കൊണ്ട് പതിഞ്ഞതുമാകാം.

അതേസമയം എ.ഐ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം തെളിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാട്ടില്‍ നിന്ന് ഈയ്യടുത്ത് മരണപ്പെട്ട സ്ത്രീയുടെ രൂപം ആണ് നാട്ടുകാരില്‍ ചിലരുടെ വാദം.