വഴക്കിന് പിന്നാലെ പുഴയിലേക്ക് തള്ളിയിട്ടു; വിലങ്ങാട് വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം


വാണിമേല്‍: വിലങ്ങാട് പുഴയരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) യുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു(എലുമ്പന്‍) എന്നയാളെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലരിയാന്‍ പോയ സോണിയയുമായി വാസു വഴക്കിടുകയായിരുന്നു. തുടര്‍ന്ന് സോണിയയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. കൃത്യത്തിന് ശേഷം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ രണ്ട് ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിലങ്ങാട് വാളൂക്ക് പുഴയില്‍ സോണിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തു പരിശോധന നടത്തി.