പെരിന്തല്‍മണ്ണയിലെ യുവതിയുടെ കൊലപാതകത്തിന് കാരണം ലൈംഗികാവശ്യം നിരസിച്ചതും സംശയവും; ഭര്‍ത്താവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഏലംകുളത്ത് കഴിഞ്ഞദിവസം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) ആണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സി.അലവി അറസ്റ്റ് ചെയ്തത്. ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ഭാര്യയ്ക്ക് വേറെ ബന്ധമുണ്ടെന്ന സംശയവും പ്രതിയുടെ ലൈംഗികാവശ്യം നിരസിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു. ഇതിന്റെ വിരോധത്താല്‍ ഫഹ്നയുടെ കാലുകളും കൈകളും തുണികള്‍കൊണ്ട് കൂട്ടിക്കെട്ടി ജനലിലേക്ക് കെട്ടി. കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണിതിരുകിയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരംലഭിച്ച പോലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ആഭരണങ്ങള്‍ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമായതോടെ പ്രതിയുമായി പോലീസ് ഞായറാഴ്ച അവിടെയെത്തി കിടപ്പുമുറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.
മുഹമ്മദ് റഫീഖ് മുന്‍പ് രണ്ടു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2021-ല്‍ മണ്ണാര്‍ക്കാട് കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം. തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിന്റെ നടപടികള്‍ നടക്കുകയാണ്. ഇതുകൂടാതെ കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷനില്‍ കവര്‍ച്ചക്കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ബഹളം കേട്ട് വന്ന ഫഹ്നയുടെ ഉമ്മയാണ് കൈകാലുകള്‍ കെട്ടിയനിലയില്‍ ഫഹ്നയെ കണ്ടത്. ഉടന്‍ മറ്റുള്ളവരെ അറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റഫീഖിനെ വൈദ്യപരിശോധനയ്ക്കുശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.