ആഗ്രഹിച്ച അപ്ഡേഷനുമായി വാട്ട്സാപ്പ്; വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ്പില്‍ ഇനി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം


ഗ്രഹിച്ച ഏറ്റവും പുതിയ മാറ്റങ്ങളുമായി ആഗോള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ് പതിപ്പ്. ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകള്‍ ഡെസ്ക്ടോപ് ആപ്പില്‍ സാധ്യമാകുമെന്നും ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്.

ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ പേരെ ഗ്രൂപ്പ് കോളിലേക്ക് ക്ഷണിക്കാമെന്നും കമ്പനി പറയുന്നു. മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനിലൂടെ എട്ട് പേരുമായി വരെ ഇപ്പോള്‍ ഗ്രൂപ്പ് വിഡിയോ കോൾ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു. വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്‌ക്‌ടോപ് ആപ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്‌ടോപ് ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്‌ഷൻ നൽകുന്നത് തുടരുമെന്നാണ് വാട്സാപ് പറയുന്നത്. പ്രൈമറി ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും വിൻഡോസ് ഡെസ്ക്ടോപ് ആപ്പിൽ മെസേജുകൾ ലഭ്യമാകും. ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു വാട്സാപ് അക്കൗണ്ടുമായി നാല് ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണിൽ ഇന്റർനെറ്റ് ലഭ്യമല്ലെങ്കിൽ പോലും  എല്ലാ ഉപകരണങ്ങളിലും മെസേജുകൾ ലഭിക്കും. ആപ്പിളിന്റെ മാക് ഉപയോക്താക്കൾക്കുള്ള വാട്സാപ് ഡെസ്‌ക്‌ടോപ് പതിപ്പ് ബീറ്റ ടെസ്റ്റിങ്ങിലാണ്. ഇത് വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.