പട്ടാമ്പിയില്‍ കിണറുകളില്‍ നിന്നും രൂക്ഷഗന്ധം; കടലാസ് കത്തിച്ചിട്ടപ്പോള്‍ തീ ആളിപ്പടര്‍ന്നു- വീഡിയോ


പാലക്കാട്: പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളില്‍ അത്യപൂര്‍വ്വ പ്രതിഭാസം. കിണറുകളില്‍ നിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ശ്രദ്ധിച്ചത്.

സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണര്‍ വെള്ളത്തിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തില്‍ ഡീസലിന്റെ ഗന്ധവുമുണ്ട്.

രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരവാസികള്‍ക്ക് കിണറില്‍ നിന്ന് വലിയ തോതില്‍ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴല്‍ക്കിണറിലും ഇതാണ് അവസ്ഥ. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോള്‍ മലിനമായ ജലമാണ് കിണറുകളില്‍ ഉള്ളതെന്ന് കണ്ടെത്തിയിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വെള്ളത്തിന്റെ വാതക സാന്നിധ്യം അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ് എന്നിവര്‍ക്ക് സ്പീക്കര്‍ എം.ബി രാജേഷ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. കിണറിനുള്ളില്‍ വാതക സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.