വടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം – റസാഖ് പാലേരി
കൊയിലാണ്ടി: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പ്രവര്‍ത്തക കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വടകരയില്‍ നടക്കുന്ന വിദ്വേഷപ്രചാരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും ഇഴയടുപ്പവും ഉണ്ടാക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയപാര്‍ട്ടികള്‍ വിദ്വേഷവും പകയും ഉണ്ടാകുന്നതിന് കാരണമാകുന്ന പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസും പ്രവര്‍ത്തക കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനെ പരാജയപ്പെടുത്തി ഇന്ത്യയിലെ ജനാധിപത്യവും മതനിരപേക്ഷതയും വീണ്ടെടുക്കുവാനുള്ള നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ ഇത്തരത്തിലുള്ള പോര് ജനാധിപത്യ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂവെന്നും, അത് തിരിച്ചറിഞ്ഞ് വടകരയുടെ സാമൂഹിക അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാന്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് മുന്നണികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് സി. ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ മണ്ഡലം പ്രവര്‍ത്തന കര്‍മരേഖ മണ്ഡലം സെക്രട്ടറി കെ. മുജീബലി അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ. മാധവന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ചന്ദ്രിക കൊയിലാണ്ടി , ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന, ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രന്‍ ബപ്പന്‍കാട് എന്നിവര്‍ സംസാരിച്ചു. എം. റഫീഖ് സ്വാഗതവും അമീര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.