‘അയ്‌മ്മേല്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി’; ആശംസ വായിച്ച ദമ്പതിമാര്‍ ഞെട്ടി, കുറ്റ്യാടിയിലെ വൈറല്‍ കേക്കിന് പിന്നിലെ കഥ ഇങ്ങനെ…
കുറ്റ്യാടി: വിവാഹവാര്‍ഷികത്തിന് കേക്ക് ഗിഫ്റ്റായി നല്‍കുമ്പോള്‍ സൂക്ഷിക്കണം. അതിന് മേല്‍ എഴുതാനുള്ള സന്ദേശം കൃത്യമായി കേക്ക് മേക്കര്‍ക്ക് നല്‍കിയില്ലെങ്കില്‍ പണി പാളും. കേക്കിന് പുറത്ത് എഴുതിയ ആശംസ വായിച്ച് അമ്പരന്നിരിക്കുകയാണ് കുറ്റ്യാടിക്കടുത്ത് അഷറഫ്-സുഹറ ദമ്പതികള്‍. ബന്ധു വിവാഹവാര്‍ഷികത്തിന് ഫോണിലൂടെ കേക്ക് ഓര്‍ഡര്‍ ചെയ്തിടത്തു നിന്നാണ് കഥയുടെ തുടക്കം. ഫോണിലൂടെ കേക്കിന് മുകളില്‍ ഹാപ്പി ആനിവേഴ്‌സറി അഷ്‌റഫ് ആന്റ് സുഹറ എന്നെഴുതാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേക്ക് ദമ്പതികള്‍ക്ക് കിട്ടിയപ്പോള്‍ ദമ്പതികള്‍ ശരിക്കും ഞെട്ടി.
അതിന് മുകളില്‍ എഴുതിയിരുന്നത് ‘അയ്മ്മല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി അഷറഫ് ആന്റ് സുഹറാ’ എന്നായിരുന്നു. ആരെടാ ഈ അയ്മ്മല്‍ എന്നായി ദമ്പതികള്‍. ഒടുവില്‍ ബന്ധുവിനെയും വിളിച്ചു. അവര്‍ക്കുമറിയില്ല. ഇങ്ങനെയൊരു വാക്ക് ആശംസ പറയാന്‍ ഉണ്ടോ എന്നായി പിന്നീടുള്ള അന്വേഷണം. വിവരമറിഞ്ഞ് വിളി എത്തിയപ്പോള്‍ ബേക്കറിക്കാരും കൈമലര്‍ത്തി. ഒടുവില്‍ ഉത്തരം കിട്ടാതെ ദമ്പതിമാര്‍ രണ്ടാം വട്ടവും ബന്ധുവിനെ വിളിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.
‘അയ്മ്മല്‍’ എന്നാല്‍ അതിന്‍മേല്‍ എന്നാണ് നാടന്‍ മലയാളം. കേക്കിന് മേല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി അഷറഫ് ആന്റ് സുഹറാ എന്ന് എഴുതാനാണ് ബന്ധു പറഞ്ഞിരുന്നത്. ഓര്‍ഡര്‍ എടുത്തയാള്‍ അയ്മ്മല്‍ എന്നു കൂടി ചേര്‍ത്തു. ബന്ധു തന്നെയാണ് ഇക്കാര്യം കുടുംബക്കാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലിട്ടത്. സംഗതി വൈറലായതോടെ വിവാഹവാര്‍ഷികം ആകെ കളറായി.