‘അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു, എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കി കൊലനടത്തിയത്; കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പയ്യോളി സ്വദേശി അര്‍ഷാദിന്റെ മൊഴി


കാക്കനാട്: ഇന്‍ഫോ പാര്‍ക്കിനടുത്ത ഫ്ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ കേസില്‍ യൂട്യൂബ് നോക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കെ.കെ അര്‍ഷാദ്. ‘അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയായിരുന്നു. എങ്ങനെ കൊല്ലണമെന്ന് ആലോചിച്ചാണ് യൂട്യൂബ് നോക്കിയത്. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടന്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തിക്കീറുകയായിരുന്നു’ പ്രതി പോലീസിനു മുന്‍പില്‍ കുറ്റസമ്മതം നടത്തി.

ലഹരിമരുന്ന് വാങ്ങി വില്‍പ്പന നടത്താന്‍ പണം കടം നല്‍കി. വിറ്റ ശേഷം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ല. സംഭവദിവസം താനും സജീവ് കൃഷ്ണനും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് പണത്തെ ചൊല്ലി കിടപ്പുമുറിയില്‍ തര്‍ക്കമുണ്ടായത്. തങ്ങള്‍ ബഹളംവെച്ചെങ്കിലും ഇതിനിടെ സജീവ് ഉറക്കത്തിലേക്ക് വീണു. തന്റെ കലിയടങ്ങാതായപ്പോഴാണ് കൊല്ലാന്‍ തീരുമാനിച്ചത്. മനുഷ്യശരീരത്തില്‍ കത്തിവെച്ച് എവിടേക്ക് കുത്തണമെന്ന് യൂട്യൂബ് നോക്കി മനസ്സിലാക്കിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. താന്‍ ഒറ്റയ്ക്കാണ് സജീവിനെ കൊന്നതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

കുറേ നേരത്തിനു ശേഷം മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹം എവിടെയെങ്കിലും ഒളിപ്പിക്കണമെന്നായി. അതിനായി ആദ്യം തറയില്‍ വീണ രക്തക്കറ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഫ്ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റുകയായിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

ഇരുവരും സംഭവ ദിവസം കഞ്ചാവും മറ്റ് ലഹരിമരുന്നും ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന സാധനവും കഞ്ചാവ് തരികളും മുറിയിലെ ബെഡ്ഡില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കാര്യങ്ങള്‍ പ്രതി പറഞ്ഞെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതൊക്കെ ഒറ്റയ്ക്കാണ് ചെയ്തതെന്ന് വിശദമായി ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തല്‍ ശരിവെയ്ക്കുന്നതാണ് വിവരങ്ങളെന്നും അദ്ദേഹം പറഞ്ഞു.

summary: watched YouTube and committed the murder, statement of Arshad regarding the murder in Kochi flat