മാലിന്യകൂമ്പാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള സ്ഥലം; നഗരസഭ മനസുവെച്ച് ബസ് സ്റ്റോപ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: ദേശീയപാതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ ഉപയോഗിക്കുന്നത് പ്രയാസമാകുന്നു. 33-ാം വാര്‍ഡില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് നേരത്തെ വാട്ടര്‍ ടാങ്ക് നിന്ന സ്ഥലമാണ് മാലിന്യകൂമ്പാരമായി കിടക്കുന്നത്.
കൊയിലാണ്ടി നഗരത്തില്‍ ശുദ്ധജല വിതരണം ഇവിടെ നിന്നായിരുന്നു നടത്തിയിരുന്നത്. പിന്നീട് വെള്ളത്തില്‍ അമോണിയയുടെ അംശം കണ്ടെത്തിയതോടെ ഇത് അടച്ചു പൂട്ടി. പിന്നീട് ചില സാമൂഹ്യ ദ്രോഹികള്‍ രാത്രിയുടെ മറവില്‍ ഇവിടെയുണ്ടായിരുന്ന കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച ശേഷം സ്ഥലം കൈയേറാന്‍ നടത്തിയ ശ്രമം സര്‍വ്വകക്ഷികളിടപെട്ട് തടയുകയായിരുന്നു.
തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഈ സ്ഥലം കല്ല് കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇവിടെ ഒരു ബസ് സ്റ്റോപ്പും സ്ഥാപിച്ചിരുന്നു. നഗരസഭയും, വാട്ടര്‍ അതോറിറ്റിയും, മനസ്സ് വെച്ചാല്‍ മനോഹരമായ ബസ് സ്റ്റോപ്പ് ഇവിടെ സ്ഥാപിക്കാന്‍ സാധിക്കും പല സംഘടനകളും ഇവിടെ ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ സന്നദ്ധമായിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ഇവിടെമാലിന്യങ്ങള്‍ തള്ളുന്നത് ഒഴിവാകുകയും ചെയ്യും.
ധനകാര്യ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ ഇതിനടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടികള്‍ അധികതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യം ഉയരുന്നുണ്ട്. 33-ാം വാര്‍ഡ് സഭയില്‍ ഇവിടെ ബസ് സ്റ്റോപ്പ് പണിയാന്‍ ആവശ്യമുയര്‍ന്നിരുന്നു.