ഏപ്രിൽ ഒന്നിനു മുൻപ് ശുചിമുറികൾ നിർമിച്ച് ചിത്രങ്ങൾ അയച്ച് തരണം; കെ.എസ്.ആര്‍.ടി ഡിപ്പോകളില്‍ ത്വരിതഗതിയില്‍ പുതിയ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ ചട്ടംകെട്ടി മന്ത്രി ആന്റണി രാജു


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ശുചിമുറികള്‍ ഉപയോഗ്യയോഗ്യമല്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങുന്നു. ആകെയുള്ള 93 ഡിപ്പോകളിൽ 73 ഇടങ്ങളിലെയും ശുചിമുറി ഉപയോഗ യോഗ്യമല്ലന്ന് കെ.എസ്.ആര്‍.ടി തന്നെയാണ് നേരത്തേ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

ശുചിമുറി പ്രശ്നത്തിന് ത്വരിതഗതിയില്‍ പരിഹാരം കാണണമെന്ന നിര്‍ദ്ദേശമാണ് മന്ത്രി ആന്റണിരാജു ഉദ്യോഗസ്ഥര്‍ക്ക്  നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ  ഡിപ്പോകളിലെല്ലാം പുതിയ ശുചിമുറി നിർമിക്കാൻ 5 ലക്ഷം രൂപ വീതം നല്‍കാനും ഈ മാസം തന്നെ പണി തീർത്തില്ലെങ്കിൽ യൂണിറ്റ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാനും മന്ത്രി ഉത്തരവിട്ടു. നിർമാണ പ്രവര്‍ത്തനത്തിന് 3.5 കോടിയാണ് അനുവദിച്ചിട്ടുള്ളത്.

5 ലക്ഷം രൂപയ്ക്ക് ആൺ–പെൺ ശുചിമുറികളും സ്റ്റാഫിനു പ്രത്യേകം ശുചിമുറികളും നിര്‍മ്മിക്കണം. ഇതിനു ഡിപ്പോ ഓഫിസറും അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റിയുണ്ടാക്കി കരാർ വിളിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ ശുചിമുറികളിലും നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിക്കാന്‍  പ്രത്യേകം പണം അനുവദിക്കും. ശുചിമുറി വ്യത്തിയാക്കുന്നതിനു പമ്പ് സെറ്റും വാങ്ങാനും പണം നൽകും. അറ്റകുറ്റപ്പണിക്കും മറ്റുമായി ഒരു ലക്ഷംരൂപ ഡിപ്പോയ്ക്ക് മുൻകൂർ അനുവദിക്കാനാണ് തീരുമാനം.

ഡിപ്പോകളിൽനിന്ന് ശുചിമുറി അറ്റകുറ്റപ്പണിക്ക് പണം ചോദിച്ച് അയയ്ക്കുന്ന കത്തുകൾക്കു ഫലം കാണുന്നില്ലെന്നു പരാതി കൂടിയതെടെയാണ് മന്ത്രിയുടെ ഇടപെടല്‍. ഏപ്രിൽ ഒന്നിനു മുൻപ് ശുചിമുറികൾ നിർമിച്ച് അവയുടെ ചിത്രങ്ങൾ മന്ത്രിക്ക് അയയ്ക്കണമെന്നാണ് നിര്‍ദ്ദേശം.